കണ്ണൂര്‍: സ്വകാര്യ സ്ഥാപനത്തില്‍ നിന്ന് 1.40 കോടി രൂപ തട്ടിയെടുത്ത കേസില്‍ ദമ്പതികൾ അറസ്റ്റിൽ. ചൊവ്വ സ്പിന്നിംഗ് മില്ലിന് സമീപത്തെ വിദ്യാനിലയം ഹൗസില്‍ കെ. സുഗില, ഭര്‍ത്താവ് വിനോദ് എന്നിവരാണ് അറസ്റ്റിലായത്. കണ്ണൂര്‍ പള്ളിക്കുന്ന് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഷെറി ബുക്‌സ് ആന്റ് സ്റ്റേഷനറി, ഷെറി ആയുര്‍വ്വേദ കോമണ്‍ സര്‍വീസ് സെന്റര്‍, ഹെല്‍ത്ത് കെയര്‍ സെന്റര്‍ ആന്റ് ട്രേഡേഴ്‌സ് എന്നീ സ്ഥാപനങ്ങളുടെ ഉടമയായ കണ്ണൂര്‍ ശാന്തി കോളനിയിലെ സജിത മന്‍സിലില്‍ ഡോ. മന്‍സൂര്‍ അഹമ്മദ് ചപ്പന്‍ നല്‍കിയ പരാതിയിലാണ് ദമ്പതികള്‍ക്കെതിരെ കേസെടുത്തത്. സ്ഥാപനത്തിന്റെ സൂപ്പര്‍വൈസറാണ് സുഗില. 2024 ആഗസ്ത് മാസം മുതല്‍ സുഗിലയും ഭര്‍ത്താവും ചേര്‍ന്ന് സ്ഥാപനത്തില്‍ നിന്ന് പണമായും അക്കൗണ്ട് മുഖേനയും പണം തട്ടിയെടുത്തുവെന്നാണ് കേസ്. ഹൈക്കോടതി മുന്‍കൂര്‍ ജാമ്യഹര്‍ജി തള്ളിയതിനെത്തുടര്‍ന്ന് ദമ്പതികള്‍ പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങുകയായിരുന്നു. ഇരുവരെയും റിമാന്റ് ചെയ്തു.







