ബിഹാറില്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ കൂട്ടത്തോടെ എന്‍ഡിഎയിലേക്ക്?

പട്ന: ബിഹാറില്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ കൂട്ടത്തോടെ എന്‍ഡിഎയിലേക്ക് ചേക്കേറുമെന്ന് റിപ്പോര്‍ട്ട്.
മകരസംക്രാന്തിക്ക് മുന്നോടിയായി കഴിഞ്ഞദിവസം സദാഖത്ത് ആശ്രമത്തില്‍ ബിഹാര്‍ പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച പരമ്പരാഗത ദഹി-ചുര വിരുന്നില്‍ നിന്ന് കോണ്‍ഗ്രസ് എംഎല്‍എമാര്‍ വിട്ടുനിന്നതാണ് ഊഹാപോഹങ്ങള്‍ക്ക് വഴിവച്ചത്.

മണിഹരിയില്‍ നിന്നുള്ള മനോഹര്‍ പ്രസാദ് സിംഗ്, വാല്‍മീകി നഗറില്‍ നിന്നുള്ള സുരേന്ദ്ര പ്രസാദ്, ചന്‍പതിയയില്‍ നിന്നുള്ള അഭിഷേക് രഞ്ജന്‍, അരാരിയയില്‍ നിന്നുള്ള അബിദുര്‍ റഹ്‌മാന്‍, കിഷന്‍ഗഞ്ചില്‍ നിന്നുള്ള എംഡി കമ്രുള്‍ ഹോഡ, ഫോര്‍ബ്‌സ്ഗഞ്ചില്‍ നിന്നുള്ള മനോജ് ബിസ്വാന്‍ എന്നിവരാണ് പരിപാടിയില്‍ നിന്നും വിട്ടുനിന്ന കോണ്‍ഗ്രസ് എംഎല്‍എമാര്‍.

പരിപാടിയില്‍ മുതിര്‍ന്ന നേതാക്കളും പാര്‍ട്ടി പ്രവര്‍ത്തകരുമെല്ലാം പങ്കെടുത്തെങ്കിലും ആറ് സിറ്റിംഗ് എംഎല്‍എമാര്‍ പങ്കെടുക്കാതിരുന്നത് സംശയം വര്‍ദ്ധിപ്പിക്കുന്നു. രണ്ടാഴ്ചയ്ക്കിടെ കോണ്‍ഗ്രസ് എംഎല്‍എമാര്‍ ഔദ്യോഗിക പാര്‍ട്ടി പരിപാടിയില്‍ നിന്ന് വിട്ടുനില്‍ക്കുന്ന രണ്ടാമത്തെ സംഭവമാണിത്. ബിഹാര്‍ കോണ്‍ഗ്രസ് മേധാവി രാജേഷ് റാം, മുന്‍ എംഎല്‍സി പ്രേം ചന്ദ്ര മിശ്ര, മുന്‍ സംസ്ഥാന പ്രസിഡന്റ് മദന്‍ മോഹന്‍ ഝാ എന്നിവര്‍ വിരുന്നില്‍ പങ്കെടുത്തിരുന്നു.

കഴിഞ്ഞയാഴ്ച, തൊഴിലുറപ്പ് പദ്ധതിയുടെ പേര് മാറ്റിയ കേന്ദ്രത്തിന്റെ നടപടിയെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ സംസ്ഥാന കോണ്‍ഗ്രസ് പ്രസിഡന്റ് രാജേഷ് റാം വിളിച്ചുചേര്‍ത്ത യോഗത്തില്‍ ഈ എംഎല്‍എമാരില്‍ മൂന്ന് പേര്‍ പങ്കെടുത്തിരുന്നില്ല. ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് 61 സീറ്റുകളില്‍ മത്സരിച്ചെങ്കിലും ആറ് സീറ്റുകളില്‍ മാത്രമാണ് വിജയിച്ചത്.

അതേസമയം, കോണ്‍ഗ്രസ് എംഎല്‍എമാര്‍ എന്‍ഡിഎയിലേക്ക് ചേക്കേറുമെന്ന റിപ്പോര്‍ട്ടുകള്‍ രാജേഷ് റാം തള്ളിക്കളഞ്ഞു. നിയമസഭാംഗങ്ങളെല്ലാം പാര്‍ട്ടിക്കൊപ്പമാണെന്നും രാഷ്ട്രീയ എതിരാളികള്‍ ആശയക്കുഴപ്പം സൃഷ്ടിക്കാനും മനോവീര്യം തകര്‍ക്കാനും കിംവദന്തികള്‍ പ്രചരിപ്പിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മറ്റ് പരിപാടികള്‍ ഉണ്ടായിരുന്നതിനാലായിരിക്കാം എംഎല്‍എമാര്‍ പാര്‍ട്ടി പരിപാടിയില്‍ പങ്കെടുക്കാതിരുന്നതെന്നും ചടങ്ങില്‍ നിന്ന് വിട്ടുനില്‍ക്കുന്നതില്‍ നേതൃത്വത്തിന് അതൃപ്തി ഇല്ലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ജനുവരി 15നുശേഷം മുഴുവന്‍ കോണ്‍ഗ്രസ് എംഎല്‍എമാരും എന്‍ഡിഎയില്‍ ചേരുമെന്ന് ലോക് ജനശക്തി പാര്‍ട്ടി മന്ത്രി സഞ്ജയ് സിംഗ് നേരത്തെ പ്രസ്താവിച്ചിരുന്നു.

അതേസമയം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മാത്രമല്ല നിരവധി ആര്‍ജെഡി എംഎല്‍എമാര്‍ കൂടി എന്‍ഡിഎ നേതാക്കളുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും അവരും എന്‍ഡിഎയില്‍ ചേരുമെന്നും ബിജെപി മന്ത്രി രാം കൃപാല്‍ യാദവ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ആര്‍ജെഡി വക്താവ് മൃത്യുഞ്ജയ് തിവാരി ഈ അവകാശവാദങ്ങള്‍ തള്ളിക്കളഞ്ഞു. മകരസംക്രാന്തിക്ക് മുമ്പ് എല്ലാ വര്‍ഷവും ഇത്തരം പ്രസ്താവനകള്‍ പുറത്തുവരാറുണ്ടെന്നും ഇതൊന്നും ഒരിക്കലും സംഭവിക്കാന്‍ പോകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ബിഹാര്‍ രാഷ്ട്രീയത്തില്‍, ദഹി-ചുര വിരുന്ന് പരമ്പരാഗതമായി ഐക്യത്തിന്റെയും സൗഹൃദത്തിന്റെയും പ്രതീകമായിട്ടാണ് കൊണ്ടാടുന്നത്. ഇത്തവണത്തെ കോണ്‍ഗ്രസ് പരിപാടി പാര്‍ട്ടിയുടെ ആന്തരിക ദുര്‍ബലതയെ എടുത്തുകാണിച്ചു. മഹാസഖ്യത്തിനുള്ളില്‍ ഇതിനകം തന്നെ വിള്ളലുണ്ടായെന്നാണ് മുതിര്‍ന്ന നേതാക്കള്‍ പോലും കരുതുന്നത്. ഇത് പാര്‍ട്ടിയുടെ മുന്നോട്ടുള്ള നീക്കത്തിന് വെല്ലുവിളി ഉയര്‍ത്തുന്നതായി നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
അജ്മാനില്‍ പുതുതായി ആരംഭിക്കുന്ന കഫ്ടീരിയ ബിസിനസില്‍ പങ്കാളിയാക്കാമെന്ന് വാഗ്ദാനം; നിക്ഷേപമായി വാങ്ങിയ ആറുലക്ഷം തട്ടി, വടക്കുമ്പാട്ടെ യുവതിയുടെ പരാതിയില്‍ ദമ്പതികള്‍ക്കെതിരെ കേസ്

You cannot copy content of this page