റിയാദ്: അമ്മ മരിച്ചതറിഞ്ഞ് നാട്ടിലേക്ക് പോയ പ്രവാസി മലയാളി നെഞ്ചുവേദനയെ തുടര്‍ന്ന് കുഴഞ്ഞുവീണ് മരിച്ചു.
ദമ്മാം നവോദയ റാക്ക ഏരിയ പ്രസിഡന്റും ഖോബാര്‍ റീജനല്‍ കമ്മിറ്റി അംഗവും സാംസ്‌കാരിക കമ്മിറ്റി കണ്‍വീനറുമായ തൃശ്ശൂര്‍ തലക്കോട്ടുക്കര സ്വദേശി അനില്‍കുമാറാണ് മരിച്ചത്.
ജനുവരി നാലിനാണ് അനില്‍കുമാറിന്റെ അമ്മ കാര്‍ത്ത്യായനി വാര്‍ദ്ധക്യ സഹജമായ അസുഖം മൂലം മരിച്ചത്. മരണവിവരമറിഞ്ഞാണ് അനില്‍കുമാര്‍ നാട്ടിലെത്തിയത്. അമ്മയുടെ മരണാനന്തര ചടങ്ങുകള്‍ക്കു ശേഷം ജനുവരി ഒമ്പതിന് വൈകിട്ട് ഭാര്യയുമായി പുറത്തുപോയ അനില്‍കുമാറിന് പെട്രോള്‍ പമ്പില്‍ വെച്ച് നെഞ്ചുവേദന അനുഭവപ്പെടുകയും കുഴഞ്ഞുവീണ് മരിക്കുകയുമായിരുന്നു.
അനില്‍ കുമാറിന്റെ ആകസ്മിക വിയോഗത്തിന്റെ ഞെട്ടലിലാണ് ദമ്മാമിലെയും ഖോബാറിലെയും പ്രവാസി സുഹൃത്തുക്കള്‍. ദമ്മാമിലെ ഫോര്‍ത്ത് മില്ലിങ് കമ്പനിയില്‍ ലൈറ്റ് ഓപ്പറേറ്ററായിട്ടാണ് അനില്‍കുമാര്‍ ജോലി ചെയ്തിരുന്നത്.







