ചെന്നൈ: പ്രസവിച്ച് കിടന്ന ഭാര്യയെ കാണാനെത്തിയ യുവാവിനെ ഗുണ്ടാസംഘം ആശുപത്രിയില്‍ വെട്ടിക്കൊന്നു. കൊലപാതകത്തിനുശേഷം രക്ഷപ്പെട്ട പ്രതികള്‍ക്ക് വേണ്ടി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. തിങ്കളാഴ്ച ചെന്നൈയിലെ കില്‍പോക്ക് സര്‍ക്കാര്‍ ആശുപത്രിയിലാണ് സംഭവം. രാജമംഗലം പ്രദേശത്തെ താമസക്കാരനായ ആദി കേശവ്(23) ആണ് മരിച്ചത്. കൊളത്തൂരിലെയും രാജമംഗലത്തെയും വിവിധ പൊലീസ് സ്റ്റേഷനുകളില്‍ ഇയാള്‍ക്കെതിരെ നിരവധി ക്രിമിനല്‍ കേസുകളുണ്ടെന്ന് പൊലീസ് പറഞ്ഞു.
പ്രസവത്തിനായി പ്രവേശിപ്പിച്ച ഭാര്യയെ കാണാന്‍ ആദി തിങ്കളാഴ്ച പുലര്‍ച്ചെ ആശുപത്രിയില്‍ എത്തിയിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഭാര്യയെ കണ്ടശേഷം, ആശുപത്രിയുടെ പുതിയ കെട്ടിടത്തിന് പിന്നില്‍ നില്‍ക്കുമ്പോള്‍, ഹെല്‍മെറ്റ് ധരിച്ച നാല് അക്രമികള്‍ ആശുപത്രി പരിസരത്ത് അതിക്രമിച്ചു കയറി. അവരെ കാണാനിടയായ ആദി തന്നെ അന്വേഷിച്ചാണ് സംഘമെത്തിയതെന്ന് മനസ്സിലാക്കി രക്ഷപ്പെടാന്‍ ശ്രമിച്ചു. പിന്നാലെയെത്തിയ അക്രമി സംഘം അവിടെയുണ്ടായിരുന്ന ആളുകളുടെ മുന്നില്‍ വെച്ച് യുവാവിനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിനുശേഷം പ്രതികള്‍ ഓടിരക്ഷപ്പെട്ടതായും പൊലീസ് അറിയിച്ചു.
ആശുപത്രിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി.
ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങളില്‍ നിന്നും പ്രതികളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.






