കാസര്‍കോട്: 48 കാരിയായ വീട്ടമ്മയെ ലൈംഗിക പീഡനത്തിനു ഇരയാക്കിയെന്ന പരാതിയില്‍ ഒടുവില്‍ പൊലീസ് കേസെടുത്തു. സി പി എം മുന്‍ കുമ്പള ഏരിയാ സെക്രട്ടറിയും നിലവില്‍ എന്‍മകജെ പഞ്ചായത്ത് അംഗവുമായ ഇച്ചിലംപാടി സ്‌കൂള്‍ അധ്യാപകന്‍ എസ് സുധാകരനെതിരെയാണ് കാസര്‍കോട് വനിതാ പൊലീസ് ബലാത്സംഗത്തിനു കേസെടുത്തത്. ഡി ജിപിയുടെ നിര്‍ദ്ദേശപ്രകാരമാണ് കേസെടുത്തതെന്നാണ് സൂചന. പീഡനം സംബന്ധിച്ച് വീട്ടമ്മ ജില്ലാ പൊലീസ് മേധാവിക്കും ഡി ജി പിക്കും പരാതി നല്‍കിയിരുന്നു. ആരോപണത്തെ തുടര്‍ന്ന് സുധാകരനെ പാര്‍ട്ടിയില്‍ നിന്നു സസ്‌പെന്റ് ചെയ്യുകയും അന്വേഷണത്തിനായി മൂന്നംഗ കമ്മിറ്റിയെ നിയോഗിക്കുകയും ചെയ്തിരുന്നു. കമ്മീഷന്‍ അന്വേഷണം തുടരുന്നതിനിടയിലാണ് സുധാകരനെതിരെ പൊലീസ് കേസെടുത്തത്. 1995 മുതല്‍ തന്നെ പീഡിപ്പിക്കുകയായിരുന്നെന്നു വീട്ടമ്മ പരാതിയില്‍ പറഞ്ഞിരുന്നു. തനിക്കും കുടുംബത്തിനും വധഭീഷണി ഉള്ളതായും പരാതിയില്‍ വ്യക്തമാക്കിയിരുന്നു.






