ദുബായ്: സൗദി അറേബ്യയിലെ ഏറ്റവും പ്രായം കൂടിയ പൗരന്‍ നാസര്‍ ബിന്‍ റദാന്‍ അല്‍ റാഷിദ് അല്‍ വദായ് (142) അന്തരിച്ചു. സ്വന്തം ഗ്രാമമായ അല്‍ റാഷിദിലാണ് അദ്ദേഹത്തിന്റെ സംസ്‌കാരം നടന്നത്. 7,000 ത്തിലധികം പേര്‍ സംസ്‌കാര ചടങ്ങില്‍ പങ്കെടുത്തതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സൗദി അറേബ്യയുടെ ഏകീകരണത്തിന് മുമ്പ് ജനിച്ച അല്‍ വദായ്, ആധുനിക സൗദി രാഷ്ട്രത്തിന്റെ സ്ഥാപകനായ അബ്ദുല്‍ അസീസ് രാജാവ് മുതല്‍ സല്‍മാന്‍ രാജാവ് വരെയുള്ള നേതാക്കളുടെ ഭരണകാലത്തില്‍ ജീവിച്ചു.
ലളിതവും ഭക്തിനിര്‍ഭരവുമായ ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്. തന്റെ ദൈര്‍ഘ്യമേറിയ ജീവിത യാത്രയില്‍ 40 ഹജ്ജ് യാത്രകള്‍ അദ്ദേഹം നടത്തി. മക്കളും പേരമക്കളും അവരുടെ കുട്ടികളുമായി 134 പേരടങ്ങുന്ന ഒരു വലിയ കുടുംബത്തിന്റെ നാഥനായിരുന്നു അല്‍ വദായ്. 110-ാം വയസ്സിലാണ് അദ്ദേഹം അവസാനമായി വിവാഹം കഴിച്ചത്, അതില്‍ ഒരു മകള്‍ ജനിച്ചുവെന്നും റിപ്പോര്‍ട്ടുണ്ട്. ലോകത്തെ തന്നെ അമ്പരപ്പിച്ച ഈ സംഭവം അക്കാലത്ത് വലിയ വാര്‍ത്തയായിരുന്നു. 110ാം വയസ്സിലും പിതാവാകാന്‍ സാധിച്ച അദ്ദേഹത്തിന്റെ ആരോഗ്യവും ജീവിതരീതിയും വൈദ്യശാസ്ത്ര രംഗത്തും ചര്‍ച്ചയായിരുന്നു.
അല്‍ വദായുടെ മരണവാര്‍ത്ത സൗദി സമൂഹ മാധ്യമങ്ങളില്‍ ഏറെ ചര്‍ച്ചയായിട്ടുണ്ട്. പലരും അദ്ദേഹത്തെ വിശ്വാസത്തിന്റെയും സഹനശക്തിയുടെയും പ്രതീകമായി വിശേഷിപ്പിച്ചു.







