കാസര്‍കോട്: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സീനിയര്‍ വൈസ് പ്രസിഡന്റ് മൊഗ്രാല്‍, കടവത്ത് ദാറുല്‍സ്സലാമില്‍ യുഎം അബ്ദുല്‍ റഹ്‌മാന്‍ മൗലവി (86) അന്തരിച്ചു. തിങ്കളാഴ്ച രാവിലെ 9.15മണിയോടെയായിരുന്നു അന്ത്യം. ചട്ടഞ്ചാല്‍ മലബാര്‍ ഇസ്ലാമിക് കോംപ്ലക്‌സ് ജനറല്‍ സെക്രട്ടറി, കണ്ണിയത്ത് ഉസ്താദ് അക്കാദമി പ്രസിഡണ്ട് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു വരികയായിരുന്നു. ശാരീരിക അവശതകളെ തുടര്‍ന്ന് ഒരാഴ്ച കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന മൗലവിയെ ശനിയാഴ്ചയാണ് വസതിയിലേയ്ക്ക് മാറ്റിയത്.
ഭാര്യമാര്‍: സക്കിയ, പരേതയായ മറിയം. മക്കള്‍: മുഹമ്മദലി ശിഹാബ്, ഫള്‌ലു റഹ്‌മാന്‍, നൂറുല്‍ അമീന്‍, അബ്ദുല്ല ഇര്‍ഫാന്‍, ഷഹീറലി ശിഹാബ് (എല്ലാവരും ഗള്‍ഫ്), ഖദീജ, മറിയം ഷാഹിന(നാലാംമൈല്‍), പരേതരായ മുഹമ്മദ് മുജീബ് റഹ്‌മാന്‍, ആയിഷത്ത് ഷാഹിദ(ചേരൂര്‍). മരുമക്കള്‍: യു കെ മൊയ്തീന്‍ കുട്ടി മൗലവി (മൊഗ്രാല്‍), സി എ അബ്ദുല്‍ ഖാദര്‍ ഹാജി (സൗദി), ഇ അഹമ്മദ് ഹാജി (ചേരൂര്‍), ഖദീജ (ആലംപാടി), മിസ്‌രിയ (കൊടിയമ്മ), സഫീന (തളങ്കര), മിസ്രിയ്യ (പേരാല്‍ കണ്ണൂര്‍), ജാസിറ (മുട്ടത്തൊടി), ജുമാന(മൊഗ്രാല്‍).
അബ്ദുല്‍ ഖാദര്‍- ഖദീജദമ്പതികളുടെ മകനായി 1939 നവംബര്‍ രണ്ടിനായിരുന്നു മൗലവിയുടെ ജനനം. സ്‌കൂള്‍ വിദ്യാഭ്യാസത്തിനു ശേഷം മൗലവി ഫാളില്‍ ബാഖവി വിദ്യാഭ്യാസം നേടി. മംഗ്‌ളൂരു പറങ്കിപേട്ട ജുമാമസ്ജിദ്, മംഗ്‌ളൂരു അസ് ഹരിയ്യ കോളേജ്, കരുവന്‍ തിരുത്തി, പടന്ന ജുമാമസ്ജിദ്, കൊണ്ടോട്ടി പഴയങ്ങാടി ജുമാമസ്ജിദ്, വെല്ലൂര്‍ ബാഖിയാത്തു സ്വാലിഹാത്ത് എന്നിവിടങ്ങളിലായിരുന്നു തുടര്‍ വിദ്യാഭ്യാസം.
1992ല്‍ ആണ് സമസ്ത കേന്ദ്രമുശാവറ അംഗമായത്. 1991 മുതല്‍ സമസ്ത കേരള ഇസ്ലാം മതവിദ്യാഭ്യാസ ബോര്‍ഡ് അംഗം, സമസ്ത കാസര്‍കോട് ജില്ലാ മുഷാവറ അംഗം സമസ്ത കാസര്‍കോട് ജില്ലാ സെക്രട്ടറി, എസ് എം എഫ്, മഞ്ചേശ്വരം മണ്ഡലം ചെയര്‍മാന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു.






