കാസര്‍കോട്: മകനെ കസ്റ്റഡിയിലെടുക്കാനുള്ള ശ്രമം പിതാവ് തടഞ്ഞതായി പരാതി. പിടിവലിക്കിടയില്‍ മകന്‍ രക്ഷപ്പെട്ടു. സ്‌കൂട്ടര്‍ കസ്റ്റഡിയിലെടുത്ത് നടത്തിയ പരിശോധനയില്‍ എംഡിഎംഎ കണ്ടെടുത്തു.
മഞ്ചേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഉപ്പള ,മുസോടിയില്‍ വ്യാഴാഴ്ച രാത്രി എട്ടു മണിയോടെയാണ് കേസിനാസ്പദമായ സംഭവം. മയക്കു മരുന്നുമായി ബന്ധപ്പെട്ട അന്വേഷണത്തിനു മുസോടിയില്‍ എത്തിയതായിരുന്നു ജില്ലാ പൊലീസ് മേധാവിയുടെ കീഴിലുള്ള ഡാന്‍സാഫ് ടീം അംഗങ്ങളായ ഷൈജുവും ആരിഫും. ഈ സമയത്താണ് മജീദ് എന്നയാള്‍ സ്‌കൂട്ടറുമായി എത്തിയത്. സംശയം തോന്നിയ പൊലീസ് സംഘം സ്‌കൂട്ടര്‍ തടഞ്ഞു നിര്‍ത്താന്‍ ശ്രമിച്ചു. ഇതു വാക്കേറ്റത്തിനു ഇടയാക്കി. ബഹളം കേട്ട് മജീദിന്റ പിതാവ് വീട്ടില്‍ നിന്നിറങ്ങി വന്ന് പൊലീസ് നടപടി തടസ്സപ്പെടുത്തി മഞ്ചേശ്വരം പൊലീസ് ഇൻസ്പെക്ടർ പറഞ്ഞു. ബഹളത്തിനിടയില്‍ മജീദ് സ്‌കൂട്ടര്‍ ഉപേക്ഷിച്ച് സ്ഥലത്തു നിന്ന് ഓടി രക്ഷപ്പെട്ടു. തുടര്‍ന്ന് സ്‌കൂട്ടര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു സ്റ്റേഷനില്‍ എത്തിച്ച് നടത്തിയ പരിശോധനയിലാണ് 1.32 ഗ്രാം എംഡിഎംഎ കണ്ടെടുത്തതെന്ന് പൊലീസ് അറിയിച്ചു.
സംഭവത്തില്‍ മജീദിനെതിരെ കേസെടുത്തതായി പൊലീസ് കൂട്ടിച്ചേര്‍ത്തു.
മഞ്ചേശ്വരം എസ്‌ഐമാരായ ശബരികൃഷ്ണ, വൈഷ്ണവ്, സിവില്‍ പൊലീസ് ഓഫീസര്‍ ശ്രീജിത്ത് എന്നിവരാണ് സ്‌കൂട്ടര്‍ കസ്റ്റഡിയിലെടുത്ത് പൊലീസ് സ്റ്റേഷനിലെത്തിച്ചത്.







