ന്യൂഡല്‍ഹി: കേന്ദ്ര ബജറ്റ് അവതരണം ഇത്തവണ ഞായറാഴ്ച തന്നെയായിരിക്കുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ സൂചിപ്പിച്ചു. ഫെബ്രുവരി ഒന്ന് ഞായറാഴ്ചയായതിനാല്‍ ബജറ്റ് അവതരണ തീയതി മാറ്റുമെന്ന സംശയം ഉയര്‍ന്നിരുന്നു.
ഞായറാഴ്ച ദിവസം കേന്ദ്ര ബജറ്റ് അവതരിപ്പിക്കുന്നത് അസാധാരണമായ നടപടിയാണ്. തീരുമാനമെടുക്കാനായി പാര്‍ലമെന്ററികാര്യവുമായി ബന്ധപ്പെട്ട കാബിനറ്റ് സമിതി കഴിഞ്ഞദിവസം യോഗം ചേര്‍ന്നിരുന്നു. ഇതുവരെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ല.
ധനമന്ത്രി നിര്‍മല സീതാരാമന്റെ തുടര്‍ച്ചയായ ഒന്‍പതാമത്തെ ബജറ്റ് അവതരണമാണിത്. ഇത് ഒരു ചരിത്ര സംഭവമാണ്. സ്വതന്ത്ര ഭാരതത്തില്‍ ഏറ്റവുമധികം ബജറ്റുകള്‍ തുടര്‍ച്ചയായി അവതരിപ്പിച്ച സി.ഡി.ദേശ്മുഖിന്റെ റെക്കോര്‍ഡിനെ കഴിഞ്ഞ വര്‍ഷം തന്നെ മറികടന്നിരുന്നു. ദേശ് മുഖ് ഏഴ് ബജറ്റുകള്‍ അവതരിപ്പിച്ചിരുന്നു. മുന്‍ പ്രധാനമന്ത്രി മൊറാര്‍ജി ദേശായി പത്ത് ബജറ്റുകളും മുന്‍ ധനമന്ത്രിമാരായ പി ചിദംബരം ഒമ്പത് ബജറ്റുകളും പ്രണബ് മുഖര്‍ജി എട്ട് ബജറ്റുകളും അവതരിപ്പിച്ചിട്ടുണ്ട്. ഇവയൊന്നും തുടര്‍ച്ചയായിട്ട് ആയിരുന്നില്ല.
2019 ല്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ രണ്ടാം തവണ അധികാരത്തില്‍ വന്നപ്പോഴാണ് നിര്‍മല സീതാരാമന്‍ ആദ്യമായി ഇന്ത്യയുടെ ധനമന്ത്രിയായത്. 2024 ല്‍ മോദി സര്‍ക്കാര്‍ മൂന്നാം തവണയും വിജയിച്ചപ്പോള്‍ അവര്‍ ധനകാര്യ വകുപ്പില്‍ തന്നെ തുടരുകയായിരുന്നു.
രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയെ സംബന്ധിച്ച ശുഭസൂചനകള്‍ക്കിടയിലാണ് ബജറ്റ് അവതരിപ്പിക്കപ്പെടുന്നത്. ആഗോള വെല്ലുവിളികള്‍ക്കിടയിലും ഇന്ത്യയുടെ യഥാര്‍ത്ഥ ജിഡിപി 2025-26 സാമ്പത്തിക വര്‍ഷത്തില്‍ 7.4 ശതമാനം വളര്‍ച്ച കൈവരിക്കുമെന്ന് കണക്കാക്കപ്പെടുന്നു. മുന്‍വര്‍ഷത്തെ 6.5 ശതമാനത്തേക്കാള്‍ ഉയര്‍ന്ന വളര്‍ച്ചാ നിരക്കാണിത്.
ഇത്തവണ രാഷ്ട്രപതിയുടെ അഭിസംബോധനയോടെ ജനുവരി 28ന് ബജറ്റ് സമ്മേളനം ആരംഭിച്ചേക്കും. 29ന് സാമ്പത്തിക സര്‍വേ അവതരിപ്പിക്കും. 30, 31 തീയതികളില്‍ സമ്മേളനമുണ്ടായേക്കില്ല. കഴിഞ്ഞ തവണത്തേതു പോലെ രണ്ടു ഘട്ടമായിട്ടായിരിക്കും ബജറ്റ് സമ്മേളനം. ആദ്യ ഘട്ടം ജനുവരി 28 മുതല്‍ ഫെബ്രുവരി 13 വരെയും, രണ്ടാം ഘട്ടം മാര്‍ച്ച് ഒമ്പത് മുതല്‍ ഏപ്രില്‍ രണ്ടു വരെയും നടക്കുമെന്നാണ് വിവരം.
2017 മുതല്‍ എല്ലാ വര്‍ഷവും ഫെബ്രുവരി ഒന്നിനാണ് ബജറ്റ് അവതരിപ്പിക്കുന്നത്. അതിനു ശേഷം ആദ്യമായാണ് ബജറ്റ് ദിനം ഞായറാഴ്ചയാകുന്നത്.







