നിയമസഭ തെരഞ്ഞെടുപ്പ്; മധുസൂദന്‍ മിസ്ത്രി അടക്കമുള്ള ദേശീയ നേതാക്കള്‍ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം നടത്താന്‍ കേരളത്തിലേക്ക്

ന്യൂഡല്‍ഹി: നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ മുന്നണികള്‍ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം സംബന്ധിച്ച് തിരക്കിട്ട ചര്‍ച്ചകളിലാണ്. കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥികളെ തെരഞ്ഞെടുക്കാനുള്ള ചര്‍ച്ചകള്‍ക്കായി എഐസിസി സ്‌ക്രീനിങ് കമ്മിറ്റി ചെയര്‍മാന്‍ മധുസൂദന്‍ മിസ്ത്രി സംസ്ഥാനത്തെത്തുന്നു. മിസ്ത്രിക്ക് പിന്നാലെ രാഷ്ട്രീയ സാഹചര്യം വിലയിരുത്താന്‍ എഐസിസി നിരീക്ഷകരായ സച്ചിന്‍ പൈലറ്റ്, കനയ്യ കുമാര്‍, ഇമ്രാന്‍ പ്രതാപ് ഗഡി, കര്‍ണ്ണാടക ഊര്‍ജ്ജമന്ത്രി കെ ജെ ജോര്‍ജ് എന്നിവരും കേരളത്തിലെത്തുന്നുണ്ട്. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ കനഗോലുവിന്റെ റിപ്പോര്‍ട്ട് മാനദണ്ഡമാക്കുമെന്ന് നേതാക്കള്‍ അറിയിച്ചിരുന്നു.

സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തിയാക്കി വേഗത്തില്‍ പ്രചാരണത്തിലേക്ക് കടക്കാനാണ് ഹൈക്കമാന്‍ഡിന്റെ നിര്‍ദേശം. യുവത്വവും അനുഭവസമ്പത്തുമായിരിക്കും മാനദണ്ഡങ്ങളെന്ന് എഐസിസി വ്യക്തമാക്കിയിരുന്നു. ആദ്യ പടിയായി മധുസൂദന്‍ മിസ്ത്രി ചെയര്‍മാനായ നാലംഗ സ്‌ക്രീനിങ് കമ്മിറ്റി നടപടികള്‍ തുടങ്ങും. ചൊവ്വ, ബുധന്‍ ദിവസങ്ങളിലായി തിരുവനന്തപുരത്ത് മിസ്ത്രി നേതാക്കളെ കാണും. സിറ്റിങ് സീറ്റുകളിലും തര്‍ക്കമില്ലാത്ത ഇടങ്ങളിലും ആദ്യം സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കും. ആദ്യ പട്ടിക ജനുവരി അവസാനത്തോടെ പുറത്തു വിടാനാണ് നീക്കം.

ഫെബ്രുവരി പകുതിയോടെ മുഴുവന്‍ സ്ഥാനാര്‍ത്ഥികളേയും പ്രഖ്യാപിക്കും. സ്‌ക്രീനിങ് കമ്മിറ്റിക്ക് മൂന്ന് സിറ്റിങ്ങെങ്കിലും നടത്തേണ്ടി വരും. കമ്മിറ്റിയിലുള്ളത് ദേശീയ നേതാക്കളായതിനാല്‍ ഡല്‍ഹി ഇടപെടല്‍ ശക്തമാകും. മുമ്പ് കേരളത്തിന്റെ ചുമതലയുണ്ടായിരുന്ന നേതാവായതിനാല്‍ സംസ്ഥാന കോണ്‍ഗ്രസിലെ സമവാക്യങ്ങളൊന്നും മധുസൂദന്‍ മിസ്ത്രിക്ക് പുത്തരിയല്ല.

ഇത്തവണ നൂറിലധികം സീറ്റുകളാണ് യുഡിഎഫ് പ്രതീക്ഷിക്കുന്നത്. 75വരെ സീറ്റ് കിട്ടാമെന്നാണ് കനഗോലുവിന്റേതടക്കമുള്ള സര്‍വേകള്‍ പ്രവചിച്ചിരിക്കുന്നത്. രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെയുമടക്കമുള്ള ദേശീയ നേതാക്കളും പ്രചാരണത്തില്‍ സജീവമാകും. പരമാവധി മണ്ഡലങ്ങളില്‍ നേതാക്കളെ എത്തിക്കാനാണ് മുന്നണിയുടെ നീക്കം.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page