കൊച്ചി: ചീങ്കല്ലേല്‍ ഫിലിംസിന്റെ ബാനറില്‍ജോസ് കൂട്ടക്കര നിര്‍മ്മിച്ച് സുരേന്ദ്രന്‍ പയ്യാനക്കല്‍ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമായ ‘പുഷ്പാംഗദന്റെ ഒന്നാം സ്വയംവരം ‘ ജനുവരി 16 മുതല്‍ കേരളത്തിലെ തിയേറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തും. ഉണ്ണിരാജ ചെറുവത്തൂര്‍, സി.എം ജോസ് എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങള്‍ അവതരിപ്പിക്കുന്നത്. ഈ ചിത്രത്തിന്റെ മനോഹരമായ കല്യാണക്കുറി പോലുള്ള പോസ്റ്ററാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
വയനാടിന്റെ പശ്ചാത്തലത്തില്‍ പൂര്‍ണമായും ചിത്രീകരിച്ച ഈ സിനിമയില്‍ ഉണ്ണിരാജ എന്ന നടന്‍ ഏറ്റവും മികച്ച പ്രകടനമാണ് കാഴ്ചവെച്ചിട്ടുള്ളത്. ഗിനീഷ് ഗോവിന്ദ്, രമേഷ് കാപ്പാട്, റോയ് പുനലൂര്‍, സുരേഷ് മഞ്ഞപ്പാലം, ഷിജിത്ത് മണവാളന്‍, ജലജാ റാണി, നിധിഷ കണ്ണൂര്‍, നിമിഷ ബിജോ, കൃഷ്ണപ്രിയ, വിലു ജനാര്‍ദ്ദനന്‍ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.
വയനാട്ടിലെ കാപ്പി കര്‍ഷകനും ഫ്‌ലോര്‍മില്‍ ഉടമസ്ഥനുമായ നാല്‍പത് കഴിഞ്ഞ പുഷ്പാംഗദന്റെ ഏറേ നാളത്തെ വിവാഹാലോചനകള്‍ക്കു ശേഷം ഒടുവില്‍ സുന്ദരിയായ ഒരു പെണ്‍കുട്ടിയെ കണ്ടെത്തുന്നു. വിവാഹത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുന്നതോടെ കല്യാണത്തിന്റെ തലേന്ന് പുഷ്പാംഗദന്റെ മൂന്ന് അമ്മാവന്മാരും അവരുടെ കുടുംബാംഗങ്ങളും മറ്റു ബന്ധുക്കളും എത്തുന്നതോടെ സംജാതമാകുന്ന സംഭവബഹുലമായ നര്‍മ്മ മുഹൂര്‍ത്തങ്ങളാണ് ഈ ചിത്രത്തില്‍ ദൃശ്യവത്കരിക്കുന്നത്. ഛായാഗ്രഹണവും എഡിറ്റിങ്ങും അഷറഫ് പാലാഴി നിര്‍വ്വഹിക്കുന്നു. ഗിരീഷ് ആമ്പ്ര, അഡ്വക്കേറ്റ് ശ്രീരഞ്ജിനി എന്നിവര്‍ എഴുതിയ വരികള്‍ക്ക് ശ്രീജിത്ത് റാം സംഗീതം പകര്‍ന്നു.







