ന്യൂഡല്‍ഹി: നോയിഡയില്‍ ദക്ഷിണ കൊറിയന്‍ സ്വദേശിയായ യുവാവിനെ ലിവിങ് ടുഗെദര്‍ പങ്കാളി കുത്തിക്കൊന്നു. മൊബൈല്‍ കമ്പനി മാനേജരായ ഡക്ക് ഹീ യു(47) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് പങ്കാളിയായ മണിപ്പൂര്‍ സ്വദേശി ലുഞ്ചീന പമായി(22)യെ പൊലീസ് അറസ്റ്റ് ചെയ്തു. ഡക്ക് ഹീ യുവും ലുഞ്ചീനയും ഏറെ നാളായി ഒരുമിച്ചായിരുന്നു താമസം. ഒരു മൊബൈല്‍ കമ്പനിയില്‍ മാനേജരായി ജോലി ചെയ്തിരുന്ന ഡക്ക് ഹീ യുവും ലുഞ്ചീനയും ഏറെ നാളായി ഒരുമിച്ചായിരുന്നു താമസം. ഞായറാഴ്ച പുലര്‍ച്ചെ ഗ്രേറ്റര്‍ നോയിഡയിലെ ആഡംബര ഫ്‌ലാറ്റിലായിരുന്നു സംഭവം. ഒരുമിച്ച് മദ്യപിക്കുന്നതിനിടെ ഇരുവരും തമ്മിലുണ്ടായ രൂക്ഷമായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. ഗുരുതരമായി പരിക്കേറ്റ യുവാവിനെ യുവതി തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. മരിച്ചുവെന്നറിഞ്ഞ യുവതി ആശുപത്രിയില്‍ നിന്ന് മുങ്ങി. ഒടുവില്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. ഡക്ക് ഹീ യു മദ്യപിച്ച് ഉപദ്രവിക്കുമെന്നും കൊല്ലണമെന്ന ഉദ്ദേശത്തോടെയല്ല കുത്തിയതെന്നുമാണ് ലുഞ്ചീന പൊലീസിന് നല്‍കിയ മൊഴി. ശനിയാഴ്ച രാവിലെ തുടങ്ങിയ മദ്യപാനം ഞായറാഴ്ച പുലര്‍ച്ചെയും അവസാനിപ്പിച്ചിരുന്നില്ല. 4 മണിക്കും മദ്യപിക്കുന്നത് യുവതി തടയാന്‍ ശ്രമിച്ചു. തുടര്‍ന്ന് ഹീ പമായിയെ ക്രൂരമായി മര്‍ദ്ദിച്ചു. പ്രതികാരമായി ഡൈനിംഗ് ടേബിളില്‍ നിന്ന് ഒരു കത്തി എടുത്ത് യുവതി ഹീയുടെ നെഞ്ചില്‍ പലതവണ കുത്തുകയായിരുന്നവെന്ന് നോയിഡയിലെ എഡിസിപി സുധീര്‍കുമാര്‍ പറഞ്ഞു.
കുത്തേറ്റ മുറിവുകളുടെ കൃത്യമായ എണ്ണവും മരണകാരണവും സ്ഥിരീകരിക്കാന്‍ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിനായി അധികൃതര്‍ കാത്തിരിക്കുകയാണ്. റിപ്പോര്‍ട്ട് ലഭിച്ച ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് നോളജ് പാര്‍ക്ക് പൊലീസ് അറിയിച്ചു. ദക്ഷിണ കൊറിയയിലുള്ള ഹീയുടെ കുടുംബത്തെ വിവരം അറിയിച്ചിട്ടുണ്ടെന്നും അവര്‍ നോയിഡയിലേക്ക് വരികയാണെന്നും പൊലീസ് പറഞ്ഞു. സിംഗ് നല്‍കിയ പരാതിയെ തുടര്‍ന്ന് നോളജ് പാര്‍ക്ക് പൊലീസ് സ്റ്റേഷനില്‍ ബിഎന്‍എസ് സെക്ഷന്‍ 103 പ്രകാരം പമായിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു.







