മുംബൈ: യുടിഎസ് (അണ്‍റിസര്‍വ്ഡ് ടിക്കറ്റിംഗ് സിസ്റ്റം) ആപ്പിലൂടെ സീസണ്‍ ടിക്കറ്റ് എടുക്കാനുള്ള സൗകര്യം ഇന്ത്യന്‍ റെയില്‍വേ നിര്‍ത്തലാക്കി. പകരം റെയില്‍വണ്‍ ആപ്പ് ഉപയോഗിച്ച് സീസണ്‍ ടിക്കറ്റുകള്‍ എടുക്കാമെന്ന് റെയില്‍വേ നിര്‍ദേശിച്ചു.
എല്ലാ സേവന ആപ്പുകളെയും ഉള്‍പ്പെടുത്തി റെയില്‍വേ ഏകീകരിച്ച ആപ്പാണ് റെയില്‍ വണ്‍. സാധാരണ ടിക്കറ്റും പ്ലാറ്റ്ഫോം ടിക്കറ്റും യുടിഎസ് ആപ്പില്‍ ലഭിക്കും. നിലവില്‍ യുടിഎസ് വഴി സീസണ്‍ ടിക്കറ്റ് എടുത്തവര്‍ക്ക് ‘ഷോ ടിക്കറ്റില്‍’ അത് നിലനില്‍ക്കും. പാസ് സൗകര്യം നീക്കം ചെയ്തെങ്കിലും, റിസര്‍വ് ചെയ്യാത്ത ടിക്കറ്റുകളുടെ ബുക്കിംഗ് യുടിഎസ് ആപ്പില്‍ തുടര്‍ന്നും ലഭിക്കും.
ജനുവരി 14 മുതല്‍ ജൂലൈ 14 വരെ റെയില്‍ വണ്‍ ആപ്പ് വഴി റിസര്‍വ് ചെയ്യാത്ത ടിക്കറ്റുകള്‍ വാങ്ങുമ്പോള്‍ മൂന്നുശതമാനം ഇളവ് ലഭിക്കും. ഏതെങ്കിലും ഡിജിറ്റല്‍ മോഡ് വഴി പണമടയ്ക്കണം. നേരത്തെ, റെയില്‍വണ്‍ ആപ്പിലെ ആര്‍-വാലറ്റ് വഴി പണമടയ്ക്കുമ്പോള്‍ മാത്രമേ ഉപയോക്താക്കള്‍ക്ക് മൂന്നു ശതമാനം ക്യാഷ് ബാക്ക് ലഭിച്ചിരുന്നുള്ളൂ. പുതിയ തീരുമാനത്തോടെ, യുപിഐ, ഡെബിറ്റ് കാര്‍ഡുകള്‍, ക്രെഡിറ്റ് കാര്‍ഡുകള്‍, മറ്റ് ഡിജിറ്റല്‍ പേയ്മെന്റുകള്‍ വഴി നടത്തുന്ന ഇടപാടുകള്‍ക്കും യാത്രക്കാര്‍ക്ക് ഇളവ് ലഭിക്കും.
റെയില്‍വണ്‍ ആപ്പ് പ്ലേ സ്റ്റോറിലും ആപ്പ് സ്റ്റോറിലും ലഭ്യമാണ്. പ്രതിമാസ പാസ് ബുക്കിംഗ്, റിസര്‍വ് ചെയ്തതും റിസര്‍വ് ചെയ്യാത്തതുമായ ടിക്കറ്റ് ബുക്കിംഗ്, റീഫണ്ടുകള്‍, ഭക്ഷണം ഓര്‍ഡര്‍ ചെയ്യാന്‍, ട്രെയിന്‍ തിരയല്‍, പിഎന്‍ആര്‍ സ്റ്റാറ്റസ് പരിശോധനകള്‍ അടക്കമുള്ള ഒന്നിലധികം റെയില്‍വേ സേവനങ്ങള്‍ ഒരൊറ്റ പ്ലാറ്റ്ഫോമില്‍ റെയില്‍വേ വാഗ്ദാനം ചെയ്യുന്നു.
റെയില്‍വേ സ്റ്റേഷനുകളിലെ പാസഞ്ചര്‍ റിസര്‍വേഷന്‍ സിസ്റ്റം കൗണ്ടറുകളില്‍ നിന്നും യാത്രക്കാര്‍ക്ക് സീസണ്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാവുന്നതാണ്.







