ഐപിഎല്‍ താരലേലത്തില്‍ ബംഗ്ലാദേശ് ക്രിക്കറ്റ് താരത്തെ സ്വന്തമാക്കി; ബോളിവുഡ് താരം ഷാറുഖ് ഖാനെ രാജ്യദ്രോഹിയെന്ന് വിളിച്ച് ബിജെപി നേതാവ്

മീററ്റ്: ഐപിഎല്‍ താരലേലത്തില്‍ ബംഗ്ലാദേശ് ക്രിക്കറ്റ് താരത്തെ സ്വന്തമാക്കിയതിന് ബോളിവുഡ് താരവും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ടീം ഉടമയുമായ ഷാറുഖ് ഖാനെ രാജ്യദ്രോഹിയെന്ന് വിളിച്ച് ബിജെപി നേതാവ് സംഗീത് സോം. ഒരു ബംഗ്ലാദേശി താരത്തെ വാങ്ങിയ ഷാറുഖ്, രാജ്യദ്രോഹിയാണെന്നും രാജ്യത്ത് തുടരാന്‍ ഇനി അവകാശമില്ലെന്നും സംഗീത് പറഞ്ഞു. മീററ്റില്‍ നടന്ന പൊതുപരിപാടിയിലാണ് സംഗീത് സോം ഷാറൂഖ് ഖാനെതിരെ വിമര്‍ശനം ഉന്നയിച്ചത്. 9.20 കോടി രൂപയ്ക്കാണ് ഐപിഎല്‍ ലേലത്തില്‍ മുസ്തഫിസുറിനെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് സ്വന്തമാക്കിയത്. ഐപിഎലില്‍ ഒരു ബംഗ്ലാദേശ് താരത്തിന് ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന തുകയാണിത്.

ഒരു വശത്ത്, ബംഗ്ലാദേശില്‍ ഹിന്ദുക്കള്‍ കൊല്ലപ്പെടുന്നു, മറുവശത്ത്, ഐപിഎല്‍ ലേലത്തില്‍ ക്രിക്കറ്റ് കളിക്കാരെ വാങ്ങുന്നു. ഷാരൂഖ് ഖാന്‍ ഒമ്പത് കോടി രൂപ ചെലവഴിച്ച് റഹ്‌മാനെ വാങ്ങി. ഇന്ന്, ബംഗ്ലാദേശില്‍ ഇന്ത്യാ വിരുദ്ധ മുദ്രാവാക്യങ്ങള്‍ ഉയരുന്നു, പ്രധാനമന്ത്രിയെ അധിക്ഷേപിക്കുന്നു, പക്ഷേ ഷാരൂഖ് ഖാനെപ്പോലുള്ള രാജ്യദ്രോഹികള്‍ ഒമ്പത് കോടി ചെലവഴിച്ച് അവരെ സഹായിക്കുന്നു. അവര്‍ക്ക് ഈ രാജ്യത്ത് ജീവിക്കാന്‍ അവകാശമില്ലെന്നും സംഗീത് സോം പറഞ്ഞു.

മുസ്തഫിസുര്‍ റഹ്‌മാനെ ഇന്ത്യയില്‍ കാലുകുത്താന്‍ അനുവദിക്കില്ലെന്നും ബിജെപി നേതാവ് പറഞ്ഞു. ഐപിഎല്‍ ലേലത്തില്‍ ബംഗ്ലാദേശ് പേസറെ കൊല്‍ക്കത്ത വന്‍ തുക മുടക്കി വാങ്ങിയത് വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്നു. ആത്മീയ നേതാക്കളായ ദേവ് കിഷന്‍ ഠാക്കൂറും സ്വാമി രാംഭദ്രാചാര്യയും ശിവസേന നേതാവ് ആനന്ദ് ദുബെയും ഷാറുഖ് ഖാനെതിരെ പരസ്യമായി രംഗത്തെത്തിയിരുന്നു.

ഷാരൂഖ് ഖാന്‍ ബംഗ്ലാദേശ് താരത്തെ ടീമില്‍ നിന്ന് പുറത്താക്കിയാല്‍, നാമെല്ലാവരും അദ്ദേഹത്തെ ബഹുമാനിക്കുകയും ആദരിക്കുകയും അര്‍ഹമായ അംഗീകാരം നല്‍കുകയും ചെയ്യും. എന്നാല്‍ ഷാരൂഖ് ഖാന്‍ അദ്ദേഹത്തെ ടീമിലിറക്കി പണം സമ്പാദിച്ചാല്‍, ആ പണം അവിടെ തീവ്രവാദികളെ വളര്‍ത്താനും നമ്മുടെ രാജ്യത്തിനെതിരെ ഗൂഢാലോചന നടത്താനും ഉപയോഗിക്കും. ഇത് സംഭവിക്കാന്‍ അനുവദിക്കില്ല- എന്നായിരുന്നു ആനന്ദ് ദുബെയുടെ പ്രതികരണം.

അതേസമയം ഷാറുഖിനെ പിന്തുണച്ച് കോണ്‍ഗ്രസ് എംപി മാണിക്കം ടാഗോര്‍ രംഗത്തെത്തി. ബോളിവുഡ് താരത്തെ രാജ്യദ്രോഹിയെന്ന് വിളിച്ചത് ഇന്ത്യയുടെ ബഹുസ്വരതയ്‌ക്കെതിരായ അക്രമമാണെന്ന് കോണ്‍ഗ്രസ് നേതാവ് പ്രതികരിച്ചു. ക്രിക്കറ്റ് ബോര്‍ഡ് താരത്തെ വാങ്ങാന്‍ അനുമതി നല്‍കിയതുകൊണ്ടാണ് ഷാറുഖ് ഖാന് ഏതെങ്കിലും രാജ്യത്തുനിന്ന് താരങ്ങളെ തിരഞ്ഞെടുക്കാന്‍ സാധിക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് താരിഖ് അന്‍വറും വ്യക്തമാക്കി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page