ഇന്‍ഡോര്‍: മലിനജലം ചേര്‍ത്ത പാല്‍ കുടിച്ച് ആറുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. വൃത്തിയുടെ നഗരമെന്നറിയപ്പെടുന്ന ഇന്‍ഡോറില്‍ നിന്നാണ് ദു:ഖകരമായ വാര്‍ത്ത പുറത്തുവരുന്നത്. കുടിവെള്ളത്തില്‍ ശുചിമുറി മാലിന്യം കലര്‍ന്നുണ്ടായ രോഗമാണ് അഞ്ചര മാസം പ്രായമുള്ള അവ്യാന്റെ ജീവനെടുത്തത്. പാല്‍ കുടിച്ചതിന് പിന്നാലെ പനിയും വയറിളക്കവും ബാധിച്ചാണ് മരണം. വിവാഹം കഴിഞ്ഞ് 10 വര്‍ഷം കാത്തിരുന്ന് കിട്ടിയ കുഞ്ഞിനെ നഷ്ടമായ ദു:ഖത്തിലാണ് ഭഗീരത്പുരയിലെ സുനില്‍ സാഹു – കിഞ്ചല്‍ ദമ്പതികള്‍. കുഞ്ഞിന് മുലപ്പാല്‍ നല്‍കാന്‍ അമ്മയ്ക്ക് കഴിയാതിരുന്നതോടെ ഡോക്ടര്‍ കുപ്പിപ്പാല്‍ നല്‍കാന്‍ നിര്‍ദേശിക്കുകയായിരുന്നു.
കടയില്‍നിന്നും വാങ്ങിയ പാക്കറ്റ് പാലില്‍ പൈപ്പ് വെള്ളം കലര്‍ത്തി നല്‍കിയതാണ് കുഞ്ഞിന്റെ മരണത്തിന് കാരണമായതെന്നാണ് കണ്ടെത്തല്‍. രണ്ടുദിവസം മുന്‍പാണ് കുഞ്ഞിന് അസുഖം പിടിപെട്ടത്. കുഞ്ഞിന് ചികിത്സ നല്‍കിയിരുന്നെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പൈപ്പ് വെള്ളം ഫില്‍റ്റര്‍ ചെയ്ത് ശുദ്ധീകരിച്ചാണ് ഉപയോഗിക്കുന്നതെന്ന് കൊറിയര്‍ കമ്പനിയില്‍ ജോലി ചെയ്യുന്ന അവ്യാന്റെ പിതാവ് സുനില്‍ സാഹു പറഞ്ഞു. വെള്ളം മലിനമായതിനെ കുറിച്ച് തങ്ങള്‍ക്ക് അധികൃതര്‍ മുന്നറിയിപ്പൊന്നും നല്‍കിയിരുന്നില്ലെന്ന് സുനില്‍ പറഞ്ഞു.
നഗരത്തില്‍ മലിനജലം കുടിച്ച് വയറിളക്കം പിടിപെട്ട് നിരവധി പേര്‍ മരിക്കുകയും നിരവധി പേര്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയും ചെയ്യുന്നു. മരിച്ചവരുടെ എണ്ണം സംബന്ധിച്ച് ആശയക്കുഴപ്പം നിലനില്‍ക്കുന്നുണ്ട്. നാലുപേര്‍ മാത്രമാണ് മരിച്ചതെന്നാണ് മുഖ്യമന്ത്രി മോഹന്‍ യാദവ് പറയുന്നത്. എന്നാല്‍ 13 പേര്‍ മരിച്ചതായി ഭഗീരഥപുരയിലെ ജനങ്ങള്‍ പറയുന്നു. ഏഴു മരണമെന്നാണ് മേയര്‍ പുഷ്യമിത്ര ഭാര്‍ഗവ പറയുന്നത്.
അസുഖം ബാധിച്ച് ചികിത്സയില്‍ കഴിയുന്നവരെ സന്ദര്‍ശിച്ച മുഖ്യമന്ത്രി എല്ലാവരും അപകടനില തരണം ചെയ്തതായി അറിയിച്ചു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് രണ്ടുലക്ഷം രൂപ ധനസഹായവും ദുരിതബാധിതര്‍ക്ക് സൗജന്യ ചികിത്സയും പ്രഖ്യാപിച്ചു.
വീഴ്ചയ്ക്ക് ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചതിന് പിന്നാലെ രണ്ട് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്യുകയും ഒരാളെ സര്‍വീസില്‍ നിന്ന് പിരിച്ചുവിടുകയും ചെയ്തു. സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ മൂന്നംഗ സമിതിയും രൂപീകരിച്ചിട്ടുണ്ട്. ഐഎഎസ് നവജീവന്‍ പന്‍വാറിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റിക്കാണ് അന്വേഷണ ചുമതല. സൂപ്രണ്ടിംഗ് എഞ്ചിനീയര്‍ പ്രദീപ് നിഗം, മെഡിക്കല്‍ കോളേജിലെ അസോസിയേറ്റ് പ്രൊഫസര്‍ ഡോ. ശൈലേഷ് റായ് എന്നിവരെ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.







