കൊച്ചി: പ്രസവത്തിന് പിന്നാലെ 30 കാരി മരിച്ച സംഭവത്തില്‍ ആശുപത്രിക്കെതിരെ ഗുരുതര ആരോപണവുമായി ബന്ധുക്കള്‍. വടക്കന്‍ പറവൂരിലെ ഡോണ്‍ ബോസ്‌കോ ആശുപത്രിക്കെതിരെയാണ് ആരോപണം ഉയര്‍ന്നത്. പട്ടണം പള്ളിയില്‍ കാവ്യമോളാണ് (30) രണ്ടാമത്തെ പ്രസവത്തിനിടെ മരിച്ചത്. ചികിത്സാ പിഴവാണ് മരണ കാരണമെന്നാണ് കുടുംബത്തിന്റെ ആരോപണം.
പ്രസവത്തിനിടെ രക്തസ്രാവം കൂടിയതിനെ തുടര്‍ന്ന് കാവ്യയുടെ ഗര്‍ഭപാത്രം നീക്കം ചെയ്തുവെന്നും ഇതോടെ നില ഗുരുതമാവുകയായിരുന്നുവെന്നും ബന്ധുക്കള്‍ പറയുന്നു. അപകട നിലയിലായിട്ടും ആദ്യ ഘട്ടത്തില്‍ യുവതിയെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റാന്‍ അധികൃതര്‍ വിസമ്മതിച്ചുവെന്നും കുടുംബം ആരോപിക്കുന്നു. ഹൃദയാഘാതം ഉണ്ടായ കാര്യം പിന്നീടാണ് ഡോക്ടര്‍മാര്‍ അറിയിക്കുന്നത്. ഇതോടെ കൊച്ചിയിലെ പ്രമുഖ സ്വകാര്യ ആശുപത്രിയിലെ വെന്റിലേറ്റര്‍ സൗകര്യമുള്ള ആശുപത്രിയിലേക്ക് മാറ്റാന്‍ അധികൃതര്‍ നിര്‍ദേശിക്കുകയായിരുന്നു. പിന്നാലെ ആന്തരികാവയവങ്ങളുടെ പ്രവര്‍ത്തനം തകരാറിലാവുകയും മസ്തിഷ്‌ക മരണം സംഭവിക്കുകയുമായിരുന്നുവെന്ന് കുടുംബം പറയുന്നു.
എന്നാല്‍ ചികിത്സയുടെ കാര്യത്തില്‍ വീഴ്ചയുണ്ടായിട്ടില്ലെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. പ്രസവത്തിനു ശേഷം രക്തസ്രാവം ഉണ്ടായതിനെ തുടര്‍ന്ന് ഗര്‍ഭപാത്രം നീക്കം ചെയ്തുവെന്നും ഓപ്പറേഷന്‍ തിയേറ്ററില്‍ വച്ച് ഹൃദയസ്തംഭനം ഉണ്ടായെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. ആദ്യഘട്ടത്തില്‍ നല്‍കാനുള്ള രക്തം ആശുപത്രിയില്‍ തന്നെ ഉണ്ടായിരുന്നു. ആശുപത്രി മാറ്റത്തെക്കുറിച്ച് ബന്ധുക്കള്‍ സൂചിപ്പിച്ചപ്പോള്‍ തന്നെ സമ്മതിച്ചിരുന്നു എന്നും മെഡിക്കല്‍ സൂപ്രണ്ട് പറഞ്ഞു.







