ദിയോറിയ: കാണാതായ വളര്‍ത്തുപൂച്ചയെ കണ്ടെത്തുന്നവര്‍ക്ക് 10,000 രൂപ പ്രതിഫലം പ്രഖ്യാപിച്ച് കുടുംബം. ഉത്തര്‍പ്രദേശിലെ ദിയോറിയയിലെ ഒരു കുടുംബമാണ് തങ്ങളുടെ പ്രിയപ്പെട്ട ‘ഹൂര്‍’ എന്ന വളര്‍ത്തുപൂച്ചയെ കണ്ടെത്താന്‍ പ്രതിഫലം പ്രഖ്യാപിച്ചിരിക്കുന്നത്. ദിയോറിയയിലെ തിരക്കേറിയ ജംഗ്ഷനുകളിലെല്ലാം പൂച്ചയുടെ ചിത്രമുള്ള പോസ്റ്ററുകള്‍ പതിച്ചിട്ടുണ്ട്.
ദിയോറിയയിലെ ന്യൂ കോളനിയില്‍ താമസിക്കുന്ന യുസഫ് ചിഷ്തിയാണ് പൂച്ചയുടെ ഉടമ. ഡിസംബര്‍ 21 ന് ആണ് പൂച്ചയെ കാണാതായത്. വാതില്‍ തുറന്നു കിടക്കുമ്പോള്‍ പൂച്ച പുറത്തേക്ക് പോയതാകാമെന്നാണ് വീട്ടുകാര്‍ പറയുന്നത്.
പ്രദേശത്തെ ശുചീകരണ തൊഴിലാളികള്‍ക്കും ഇവര്‍ വിവരം നല്‍കിയിട്ടുണ്ട്. ഹൂറിനെ കണ്ടെത്തുന്നവര്‍ക്ക് പ്രതിഫലത്തിന് പുറമെ മറ്റ് സമ്മാനങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്.
പേര്‍ഷ്യന്‍-ഇന്ത്യന്‍ മിക്‌സഡ് ഇനത്തില്‍പ്പെട്ട വെളുത്ത നിറത്തിലുള്ള ഹൂറിനെ യുസഫിന്റെ മകള്‍ ഈമാന്‍ 2022ല്‍ ഡല്‍ഹിയില്‍ നിന്നുമാണ് ദത്തെടുത്തത്. ഹൂര്‍ തങ്ങള്‍ക്ക് വെറുമൊരു വളര്‍ത്തുമൃഗമല്ലെന്നും കുടുംബാംഗമാണെന്നും ഈമാന്‍ പറയുന്നു. ദിവസങ്ങളോളം തിരഞ്ഞെങ്കിലും കണ്ടെത്താനാകാത്തതിനാലാണ് കുടുംബം പൊലീസിന്റെ സഹായം തേടിയത്. പൂച്ചയെ കണ്ടെത്താനുള്ള ശ്രമം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.







