ഇന്‍ഡോര്‍: മധ്യപ്രദേശിലെ ഇന്‍ഡോറില്‍ മലിനജലം കുടിച്ച് എട്ടുപേര്‍ മരിച്ചു. ആയിരത്തിലധികം രപേരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഭഗീരത്പുര പ്രദേശത്ത് നഗരസഭ വിതരണം ചെയ്ത പൈപ്പ് വെള്ളം കുടിച്ചവരാണ് മരണപ്പെട്ടത്. വെള്ളം കുടിച്ചവര്‍ക്ക് തിങ്കളാഴ്ച രാത്രിയോടെയാണ് ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെട്ടത്. നൂറിലധികം ആളുകളെ നിലവില്‍ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. വിതരണം ചെയ്ത വെള്ളത്തിന് അസാധാരണമായ രുചിവ്യത്യാസവും ദുര്‍ഗന്ധവും ഉണ്ടായിരുന്നതായി പ്രദേശവാസികള്‍ ആരോപിക്കുന്നു. മൂന്ന് ദിവസം മുന്‍പ് വയറിളക്കവും ഛര്‍ദ്ദിയും ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ച 70 വയസുകാരന്‍ ചൊവ്വാഴ്ച രാവിലെ ഹൃദയാഘാതം മൂലം മരിച്ചതോടെയാണ് മരണസംഖ്യ ഉയരാന്‍ തുടങ്ങിയത്.
സംഭവത്തെത്തുടര്‍ന്ന് ജില്ലാ ഭരണകൂടം പ്രദേശത്ത് കനത്ത ജാഗ്രത പ്രഖ്യാപിച്ചു. ഇന്‍ഡോര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ നേതൃത്വത്തില്‍ ടാങ്കറുകള്‍ വഴി കുടിവെള്ള വിതരണം ആരംഭിച്ചു. ജലത്തിന്റെ ഗുണനിലവാരം പരിശോധിക്കുന്നതിനായി സമീപത്തെ ഇരുനൂറോളം സ്ഥലങ്ങളില്‍ നിന്ന് സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് മുഖ്യമന്ത്രി രണ്ട് ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു. ആശുപത്രിയില്‍ കഴിയുന്നവരുടെ മുഴുവന്‍ ചികിത്സാ ചെലവും സര്‍ക്കാര്‍ വഹിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. സ്ഥിതിഗതികള്‍ വിലയിരുത്താന്‍ പ്രത്യേക സംഘത്തെയും നിയോഗിച്ചിട്ടുണ്ട്. തുടര്‍ച്ചയായി എട്ട് തവണ കേന്ദ്ര സര്‍ക്കാര്‍ ഇന്‍ഡോറിനെ രാജ്യത്തെ ഏറ്റവും വൃത്തിയുള്ള നഗരമായി തിരഞ്ഞെടുത്തിട്ടുണ്ട്.
five-dead-over-1000-fall-ill-due-to-contaminated-water-from-municipal-pipeline-in-indore







