ലഖ്നൗ: ഗതാഗതക്കുരുക്കിനിടെ നിയന്ത്രണം വിട്ട് ദമ്പതിമാരോട് കയര്‍ത്ത് സംസാരിക്കുന്ന വനിതാ എസ്ഐയുടെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറല്‍. ഉത്തര്‍പ്രദേശിലെ മീററ്റിലാണ് സംഭവം. മീററ്റ് നഗരത്തിലെ ബോംബെ ബസാറിലുണ്ടായ ഗതാഗതക്കുരുക്കിനിടെയാണ് സ്വകാര്യ കാറില്‍ യൂണിഫോം ധരിച്ചെത്തിയ വനിതാ എസ്ഐ രത്ന രതി മുന്നിലുണ്ടായിരുന്ന കാറിലെ ദമ്പതികളോട് പൊട്ടിത്തെറിച്ചത്. കാറില്‍ നിന്നും പുറത്തിറങ്ങിയ ഡ്രൈവറോട് ‘നിന്റെ മുഖത്ത് മൂത്രമൊഴിക്കുമെന്ന്’ എസ്ഐ പറയുന്നതും ദൃശ്യങ്ങളിലുണ്ട്.
ഗതാഗതക്കുരുക്കില്‍പ്പെട്ട മറ്റു വാഹനങ്ങളിലെ യാത്രക്കാരാണ് ഈ രംഗം മൊബൈല്‍ഫോണില്‍ പകര്‍ത്തിയത്. ദൃശ്യങ്ങള്‍ വൈറലായതോടെ വനിതാ എസ്ഐക്കെതിരെ സാമൂഹികമാധ്യമങ്ങളിലടക്കം വ്യാപകപ്രതിഷേധമാണ് ഉയര്‍ന്നത്. സംഭവം വിവാദമായതോടെ എസ്ഐക്കെതിരെ അന്വേഷണം നടത്തി നടപടി എടുക്കുമെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
അലിഗഢിലെ റോരാവര്‍ പൊലീസ് സ്റ്റേഷനിലാണ് വിനതാ എസ്.ഐ ജോലി ചെയ്യുന്നത്. സംഭവദിവസം ഒരു കേസന്വേഷണത്തിന്റെ ഭാഗമായി മുസാഫര്‍ നഗറില്‍ പോയ തിരികെ മടങ്ങുന്നതിനിടെയാണ് മീററ്റിലെ എസ്. ഐ ഗതാഗതക്കുരുക്കില്‍പ്പെട്ടതും യാത്രക്കാരോട് നിയന്ത്രണം വിട്ട് സംസാരിച്ചതും.







