ഗുഡ്ഗാവ്: അമ്മയോട് പിണങ്ങി രാത്രി വീടുവിട്ടിറങ്ങിയ പെണ്‍കുട്ടിയെ ഓടുന്ന വാഹനത്തില്‍ കൂട്ടബലാത്സംഗത്തിനിരയാക്കിയശേഷം റോഡിലേക്ക് വലിച്ചെറിഞ്ഞതായി പരാതി. സംഭവത്തില്‍ രണ്ടുപേരെ പൊലീസ് അറസ്റ്റുചെയ്തു. ഫരീദാബാദിലെ 25കാരിയാണ് പീഡനത്തിനിരയായത്. തനിച്ച് റോഡിലൂടെ നടന്നുപോകുകയായിരുന്ന യുവതിയെ ലിഫ്റ്റ് വാഗ്ദാനം ചെയ്താണ് വാഹനത്തില്‍ കയറ്റിയതെന്ന് പൊലീസ് പറഞ്ഞു.
മൂന്നുമണിക്കൂറോളം വാഹനത്തില്‍ പീഡനത്തിനിരയായ പെണ്‍കുട്ടിയെ പ്രതികള്‍ ആളൊഴിഞ്ഞ സ്ഥലത്തു വലിച്ചെറിയുകയായിരുന്നു. വീഴ്ചയില്‍ യുവതിയുടെ മുഖത്തിന് ആഴത്തില്‍ മുറിവേറ്റു. 12 തുന്നലുകള്‍ വേണ്ടി വന്നതായി ഡോക്ടര്‍മാര്‍ അറിയിച്ചു. ഫരീദാബാദിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന പെണ്‍കുട്ടിയുടെ നില മെച്ചപ്പെട്ടുവരികയാണെന്ന് പൊലീസ് വ്യക്തമാക്കി.
അമ്മയുമായി വഴക്കിട്ട ശേഷം സുഹൃത്തിനെ കാണാനാണ് പെണ്‍കുട്ടി പുറത്തേക്ക് പോയത്. എന്നാല്‍ വാഹനങ്ങള്‍ കിട്ടാതിരുന്നതിനാല്‍ യാത്ര വൈകി. തുടര്‍ന്ന് അര്‍ധരാത്രിയോടെ അതുവഴി വന്ന വാനിലുള്ളവര്‍ പെണ്‍കുട്ടിക്ക് ലിഫ്റ്റ് നല്‍കി. രണ്ടു പുരുഷന്‍മാരായിരുന്നു വാഹനത്തിലുണ്ടായിരുന്നത്. വാഹനത്തില്‍ കയറ്റിയ ശേഷം വഴിമാറ്റി ഗുഡ്ഗാവ്-ഫരീദാബാദ് റോഡിലൂടെ യാത്ര ചെയ്ത പ്രതികള്‍ പെണ്‍കുട്ടിയെ മണിക്കൂറുകളോളം പീഡനത്തിനിരയാക്കുകയും എസ്ജിഎം നഗറിന് സമീപം ആളൊഴിഞ്ഞ സ്ഥലത്ത് വലിച്ചെറിയുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
അവശനിലയിലായ പെണ്‍കുട്ടി സഹോദരിയെ സഹായത്തിന് വിളിക്കുകയും ബന്ധുക്കളെത്തി ആശുപത്രിയിലാക്കുകയുമായിരുന്നു. കുടുംബത്തിന്റെ പരാതിയില്‍ കോട്വാലി പൊലീസ് മണിക്കൂറുകള്‍ക്കുള്ളില്‍ രണ്ടു പ്രതികളെയും പിടികൂടി.







