ജയ്പൂര്‍: കെട്ടിടത്തില്‍ നിന്നും ചാടി നാലാം ക്ലാസ് വിദ്യാര്‍ത്ഥിനി മരിച്ച സംഭവത്തില്‍ സ്‌കൂളിന്റെ അംഗീകാരം സി.ബി.എസ്.ഇ റദ്ദാക്കി. വിദ്യാര്‍ഥികളുടെ സുരക്ഷാ മാനദണ്ഡങ്ങളില്‍ ഗുരുതരമായ വീഴ്ച വരുത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് സി.ബി.എസ്.ഇയുടെ നടപടി.
ജയ്പൂരിലെ നീര്‍ജ മോദി സ്‌കൂളിന്റെ അംഗീകാരമാണ് റദ്ദാക്കിയത്. നവംബര്‍ ഒന്നിന് നടന്ന സംഭവത്തില്‍ രണ്ട് മാസത്തിന് ശേഷമാണ് സ്‌കൂളിനെതിരെ നടപടി എടുത്തത്. കുട്ടിയുടെ മരണത്തിന് പിന്നാലെ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇത്തരം സംഭവങ്ങള്‍ വീണ്ടും ആവര്‍ത്തിക്കാതിരിക്കാന്‍ ശക്തമായ നടപടി സ്വീകരിക്കണമെന്ന് അധികാരികളോട് ആവശ്യപ്പെടുകയും ചെയ്തു.
പിന്നാലെ കുട്ടിയുടെ മരണത്തിലേക്ക് നയിച്ച സാഹചര്യങ്ങള്‍ പരിശോധിക്കാന്‍ സി.ബി.എസ്.ഇ പ്രത്യേക അന്വേഷണ സമിതി രൂപീകരിച്ചു. 18 മാസത്തോളം സ്‌കൂള്‍ അധികൃതരില്‍ നിന്നും കുട്ടിക്ക് ഭീഷണിയും മോശംവാക്കുകളും കേള്‍ക്കേണ്ടി വന്നുവെന്ന് അന്വേഷണ സമിതി കണ്ടെത്തി. സ്‌കൂള്‍ അധികൃതരുടെ ഭാഗത്തുനിന്നും ഗുരുതരമായ വീഴ്ച ഉണ്ടായെന്നും സമിതി നല്‍കിയ റിപ്പോട്ടില്‍ ചൂണ്ടിക്കാട്ടി. മാതാപിതാക്കള്‍ പെണ്‍കുട്ടി നേരിടേണ്ടി വന്ന പീഡനങ്ങള്‍ക്കെതിരെ അധികൃതര്‍ക്ക് പരാതി നല്‍കിയിരുന്നുവെങ്കിലും പരിഹരിക്കാന്‍ തയാറായില്ലെന്നും സമിതി എടുത്തുപറഞ്ഞു.







