നാഗ്പുര്‍: ക്രിസ്മസ് പ്രാര്‍ഥനയ്ക്കിടെ മതപരിവര്‍ത്തനം നടത്തിയെന്ന് ആരോപിച്ച് മലയാളി വൈദികനും ഭാര്യയും ഉള്‍പ്പെടെ ആറുപേരെ പൊലീസ് അറസ്റ്റുചെയ്തു. നാഗ്പുരിലെ ബജ്റങ്ദള്‍ പ്രവര്‍ത്തകരുടെ പരാതിയിലാണ് സി.എസ്.ഐ ദക്ഷിണ കേരള മഹാ ഇടവക വൈദികന്‍ നെയ്യാറ്റിന്‍കര അമരവിള സ്വദേശി ഫാ. സുധീര്‍, ഭാര്യ ജാസ്മിന്‍ എന്നിവരും മഹാരാഷ്ട്ര സ്വദേശികളായ ദമ്പതികളും പിടിയിലായത്. ഇവരെ കാണാനായി എത്തിയ മൂന്നു പേരെയും പൊലീസ് കസ്റ്റഡിയിലെടുത്തതായാണ് വിവരം.
പ്രദേശത്തെ ഒരു വീട്ടില്‍ ക്രിസ്മസിനോട് അനുബന്ധിച്ചുള്ള ആരാധന നടത്തുന്നതിനിടെ ബെനോഡ പൊലീസ് എത്തി അറസ്റ്റ് ചെയ്യുകയായിരുന്നുവെന്ന് സഭാ ഭാരവാഹികള്‍ അറിയിച്ചു. നാഗ്പുര്‍ മേഖലയില്‍ ഫാ. സുധീര്‍ വര്‍ഷങ്ങളായി സാമൂഹിക പ്രവര്‍ത്തനം നടത്തിവരുന്നുണ്ട്. പ്രാദേശിക വൈദികരുടെ ക്ഷണപ്രകാരമാണ് ഇവര്‍ ക്രിസ്മസ് പ്രാര്‍ത്ഥനായോഗത്തില്‍ പങ്കെടുക്കാന്‍ പോയത്.
വൈദികന്റെ അറസ്റ്റിനെ അപലപിച്ച് സി.എസ്.ഐ ബിഷപ് കൗണ്‍സില്‍ രംഗത്തെത്തി. കേരളത്തില്‍ നിന്നും ഒരു സംഘം വൈദികര്‍ നാഗ്പുരിലേക്ക് തിരിച്ചിട്ടുണ്ട്.







