മുംബൈ: കുട്ടിക്കാലത്ത് മാതാപിതാക്കളുടെ പരിചരണം ലഭിക്കാത്തതിലുള്ള ദു:ഖം അനുസ്മരിച്ച് ബോളിവുഡ് താരം അര്‍ഷാദ് വാര്‍സി. 14 വയസ്സുള്ളപ്പോള്‍ മാതാപിതാക്കള്‍ മരിച്ചു. അടുത്തിടെ ഒരു അഭിമുഖത്തിലാണ് മാതാപിതാക്കളെ നഷ്ടപ്പെട്ടതിനെക്കുറിച്ചും അതിനെ അതിജീവിച്ചതിനെ കുറിച്ചും താരം വെളിപ്പെടുത്തിയത്.
കുട്ടിക്കാലത്തിന്റെ ഭൂരിഭാഗവും ഒരു ബോര്‍ഡിംഗ് സ്‌കൂളില്‍ ചെലവഴിച്ചതിനാല്‍ തനിക്ക് കുടുംബവുമായി കൂടുതല്‍ അടുത്തിടപഴകാന്‍ സാധിച്ചിരുന്നില്ലെന്നും എട്ടു വയസ്സുമുതല്‍ ബോര്‍ഡിംഗ് സ്‌കൂളില്‍ കഴിയുകയായിരുന്നുവെന്നും താരം പറഞ്ഞിരുന്നു.
തന്റെ അമ്മയെക്കുറിച്ചുള്ള അവസാന ഓര്‍മ്മകള്‍ ഭയാനകമാണെന്നും അത് തന്നെ ഇന്നും വേട്ടയാടുന്നുണ്ടെന്നും താരം പറഞ്ഞു. അച്ഛന്റെ മരണശേഷം അമ്മയ്ക്ക് വൃക്ക തകരാറിലാവുകയും ഡയാലിസിസിന് വിധേയയാകുകയും ചെയ്തു. തന്റെ അമ്മ ഒരു സാധാരണ വീട്ടമ്മയായിരുന്നു, അവര്‍ നന്നായി ഭക്ഷണം ഉണ്ടാക്കുമായിരുന്നു.
ആശുപത്രിയില്‍ കഴിയുമ്പോള്‍ വെള്ളം കൊടുക്കരുതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നു. എന്നാല്‍ അമ്മ വെള്ളം ചോദിച്ചുകൊണ്ടിരുന്നു. ഞാന്‍ നല്‍കാന്‍ തയാറായില്ല. മരിക്കുന്നതിന്റെ തലേദിവസം രാത്രി എന്നെ വിളിച്ചു വീണ്ടും വെള്ളം ചോദിച്ചു. ഞാന്‍ നല്‍കിയില്ല. ആ രാത്രി അമ്മ മരിച്ചു. അത് എന്നെ വല്ലാതെ തളര്‍ത്തി.
ഞാന്‍ അമ്മയ്ക്ക് വെള്ളം കൊടുത്തിരുന്നെങ്കില്‍, അതിനുശേഷം അവര്‍ മരിച്ചിരുന്നെങ്കില്‍, എന്റെ ജീവിതകാലം മുഴുവന്‍ വെള്ളം കൊടുത്തതുകൊണ്ടാണ് മരിച്ചതെന്ന കുറ്റബോധത്തില്‍ ജീവിക്കേണ്ടിവരുമായിരുന്നു. എന്നാല്‍ ഇപ്പോള്‍ വളര്‍ന്നപ്പോള്‍ അമ്മയ്ക്ക് വെള്ളം കൊടുക്കാത്തതിലുള്ള ദു:ഖം തന്നെ അലട്ടുന്നു- അദ്ദേഹം പറഞ്ഞു.
അന്ന് ഞാന്‍ ഒരു കുട്ടിയായിരുന്നു, ഡോക്ടര്‍ പറഞ്ഞത് കേള്‍ക്കാന്‍ ആഗ്രഹിച്ചു. എന്നാല്‍ മുതിര്‍ന്നതോടെ കാര്യങ്ങളുടെ ഗൗരവം തിരിച്ചറിയുകയും കഴിഞ്ഞുപോയ സംഭവത്തില്‍ ദു:ഖിക്കുകയും ചെയ്യുന്നുവെന്ന് അദ്ദേഹം തുടര്‍ന്ന് പറഞ്ഞു.







