തിരുവനന്തപുരം: ഇന്ത്യ- ശ്രീലങ്ക ട്വന്റി20 മത്സരത്തിനിടെ ശ്രീലങ്കന്‍ താരത്തിനെതിരെ മോശം വാക്കുപയോഗിച്ച് ക്യാമറയില്‍ കുടുങ്ങി ഇന്ത്യന്‍ യുവതാരം വൈഷ്ണവി ശര്‍മ. തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടന്ന നാലാം മത്സരത്തിനിടെയാണ് സംഭവം. 15ാം ഓവറില്‍ ശ്രീലങ്കന്‍ ബാറ്റര്‍ക്കെതിരായ റണ്‍ഔട്ട് അവസരം പാഴായതാണ് 20കാരിയായ വൈഷ്ണവിയെ ചൊടിപ്പിച്ചത്. തന്റെ മുഖം ഓണ്‍ഫീല്‍ഡ് ക്യാമറകള്‍ പകര്‍ത്തിയെന്ന് കണ്ടതോടെ ഒരു ചിരിയോടെ ഞെട്ടുന്നതും ദൃശ്യങ്ങളിലുണ്ട്.
ശ്രീലങ്കന്‍ ബാറ്റര്‍ ഇമേഷ് ദുലാനി ഓവറിലെ മൂന്നാം പന്തില്‍ അതിവേഗം സിംഗിളിന് ശ്രമിക്കുകയായിരുന്നു. പന്തു ലഭിച്ച വൈഷ്ണവി വിക്കറ്റ് കീപ്പറിന് നേരെ എറിഞ്ഞെങ്കിലും റണ്‍ഔട്ടാക്കാന്‍ കഴിഞ്ഞില്ല. ഇതോടെ താരം മോശം വാക്ക് പറയുകയായിരുന്നു.
മധ്യപ്രദേശ് സ്വദേശിയായ സ്പിന്‍ ബോളര്‍ വൈഷ്ണവിയുടെ ആദ്യ ടി20 പരമ്പരയാണിത്. മത്സരത്തില്‍ നാലോവറുകള്‍ പന്തെറിഞ്ഞ വൈഷ്ണവി, 24 റണ്‍സ് വഴങ്ങി രണ്ടു വിക്കറ്റുകള്‍ വീഴ്ത്തി. നാലാം മത്സരത്തില്‍ ഇന്ത്യ 3-0 റണ്‍സ് വിജയം നേടി. ഇതോടെ അഞ്ചു മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇന്ത്യ 4-0ന് മുന്നിലെത്തുകയും ചെയ്തു. പരമ്പരയിലെ നാലു മത്സരങ്ങളും കളിച്ച വൈഷ്ണവി നാലു വിക്കറ്റുകള്‍ ഇതുവരെ സ്വന്തമാക്കിയിട്ടുണ്ട്.







