ന്യൂഡല്‍ഹി: സ്വത്തിനെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെ മുന്‍ വ്യോമ സേനാ ഉദ്യോഗസ്ഥനെ നെഞ്ചിലിടിച്ച് കൊലപ്പെടുത്തിയ കേസില്‍ മരുമകള്‍ അറസ്റ്റില്‍. 62 കാരനായ നരേഷ് കുമാറിനെ കൊലപ്പെടുത്തിയ കേസില്‍ മരുമകള്‍ ഗീതയാണ്(32) അറസ്റ്റിലായത്. തെക്കന്‍ ഡല്‍ഹിയിലെ ബിന്ദാപൂറിലാണ് സംഭവം. വയോധികന്റെ നെഞ്ചില്‍ കയറിയിരുന്ന് ആക്രമിക്കുകയായിരുന്നുവെന്നും തലയിലും നെഞ്ചിലുമുണ്ടായ ഗുരുതര പരിക്കാണ് മരണത്തിന് കാരണമായതെന്നും പൊലീസ് പറഞ്ഞു.
വിശാലമായ തോട്ടത്തോട് കൂടിയ വീടിന്റെ ഭാഗം വയ്പ്പുമായി ബന്ധപ്പെട്ട് ഏറെക്കാലമായി കുടുംബത്തില്‍ കലഹങ്ങള്‍ പതിവായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം രാത്രിയാണ് നരേഷ് കുമാറിനെ ചലനമറ്റ നിലയില്‍ ടെറസില്‍ കണ്ടെത്തിയത്. പിന്നാലെ ഇളയ മകന്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. നരേഷ് കുമാറിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
അസ്വാഭാവിക മരണത്തിന് കേസ് എടുത്ത പൊലീസ് അയല്‍വാസികളെ ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകത്തിന് പിന്നില്‍ മരുമകളാണെന്ന സൂചന ലഭിച്ചത്. ഇതേ വീട്ടിലെ ഒന്നാമത്തെ നിലയില്‍ താമസിച്ചിരുന്ന ഗീത ടെറസിലിരുന്ന നരേഷിനെ ആക്രമിച്ചുവെന്നാണ് അയല്‍വാസികള്‍ മൊഴി നല്‍കിയത്. നരേഷിന്റെ നിലവിളി കേട്ട അയല്‍വാസികളാണ് വിവരം മറ്റ് മക്കളെ അറിയിച്ചത്. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.







