ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയുടെയും റോബര്‍ട്ട് വദ്രയുടെയും മകന്‍ റെയ്ഹാന്‍ വദ്ര (25) വിവാഹിതനാകുന്നതായി റിപ്പോര്‍ട്ട്. കാമുകി അവിവ ബെയ്ഗിനെയാണ് വിവാഹം കഴിക്കുന്നതെന്നും ഏഴുവര്‍ഷമായി ഇരുവരും പ്രണയത്തിലാണെന്നുമാണ് റിപ്പോര്‍ട്ട്. രണ്ടു കുടുംബങ്ങളും ഇരുവരുടെയും ബന്ധത്തിന് പിന്തുണ പ്രഖ്യാപിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ഡല്‍ഹി സ്വദേശിയായ അവിവ ബെയ്ഗ് ഫോട്ടോഗ്രാഫറാണ്.
വിഷ്വല്‍ ആര്‍ട്ടിസ്റ്റാണ് റെയ്ഹാന്‍ വദ്ര. പത്താമത്തെ വയസ്സുമുതല്‍ ഫോട്ടോഗ്രഫിയില്‍ താല്‍പര്യം പ്രകടിപ്പിച്ചിരുന്നു. വന്യജീവി- സ്ട്രീറ്റ് – കൊമേഴ്‌സല്‍ ഫോട്ടോഗ്രാഫര്‍ ആണ്. 2021-ല്‍ ന്യൂഡല്‍ഹിയിലെ ബിക്കാനീര്‍ ഹൗസില്‍ റെയ്ഹാന്‍ വദ്ര ആദ്യ സോളോ എക്‌സിബിഷന്‍ നടത്തിയിരുന്നു. 2017-ല്‍ സ്‌കൂളില്‍ നടന്ന ഒരു ക്രിക്കറ്റ് മത്സരത്തിനിടെ റെയ്ഹാന്‍ വദ്രയ്ക്ക് കണ്ണിനു പരുക്കേറ്റിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ പ്രകാശം, സ്ഥലം, സമയം എന്നിവയുമായി ബന്ധപ്പെട്ട അനുഭവങ്ങളെ ആസ്പദമാക്കിയുള്ളതായിരുന്നു എക്‌സിബിഷന്‍.
ഡല്‍ഹിയിലെ പ്രശസ്തമായ മോഡേണ്‍ സ്‌കൂളില്‍ നിന്ന് പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ അവിവ ഒപി ജിന്‍ഡാല്‍ ഗ്ലോബല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മീഡിയ കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തില്‍ ബിരുദവും നേടി.
ഇന്‍സ്റ്റാഗ്രാം ബയോ പ്രകാരം, ഒരു ഫോട്ടോഗ്രാഫറും നിര്‍മ്മാതാവുമാണ് അവീവ. തന്റെ ഫോട്ടോഗ്രാഫിയിലൂടെ സാമൂഹിക പ്രശ്‌നങ്ങളെക്കുറിച്ച് അവബോധം വളര്‍ത്താനും സമൂഹത്തില്‍ നല്ല മാറ്റം കൊണ്ടുവരാനും അവര്‍ ലക്ഷ്യമിടുന്നു.
‘യു കാന്റ് മിസ് ദിസ്’, ‘ദി ഇല്ല്യൂസറി വേള്‍ഡ്’ എന്നിവയുള്‍പ്പെടെ നിരവധി എക്‌സിബിഷനുകളില്‍ അവിവ തന്റെ ഫോട്ടോഗ്രഫി പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.







