കണ്ണൂര്‍: 70 ഗ്രാം എംഡിഎംഎ യുമായി ദമ്പതികള്‍ അറസ്റ്റില്‍. തയ്യില്‍, കൊയിലാണ്ടി ഹൗസില്‍ ഷാഹുല്‍ ഹമീദ് എന്ന രാഹുല്‍ (35), ഭാര്യ കുറ്റ്യാടി, കക്കോട്ടുചാലില്‍ ഹൗസില്‍ നജീമ (34) എന്നിവരെയാണ് നാര്‍ക്കോട്ടിക് സെല്‍ എ സി പി രാജേഷ്, കണ്ണൂര്‍ എ സി പി പ്രദീപന്‍ കണ്ണിപ്പൊയില്‍ എന്നിവരുടെ നേതൃത്വത്തില്‍ ജില്ലാ ആശുപത്രിക്കു സമീപത്തു വച്ച് അറസ്റ്റുചെയ്തത്.
രണ്ടു വര്‍ഷമായി ബംഗളൂരുവില്‍ താമസക്കാരായ ദമ്പതികള്‍ മയക്കുമരുന്നുമായി എത്തുന്നുണ്ടെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് വല വിരിച്ചു കാത്തിരിക്കുകയായിരുന്നു പൊലീസ് സംഘം. രാഹുല്‍ നേരത്തെ എറണാകുളത്ത് ജോലി ചെയ്തു വരികയായിരുന്നു. അവിടെ വച്ചാണ് രണ്ടു മക്കളുള്ള നജീമയുമായി പ്രണയത്തിലായത്. തുടര്‍ന്ന് നജീമ രണ്ടുമക്കളെ ഉപേക്ഷിച്ച് രാഹുലിനൊപ്പം ഒളിച്ചോടുകയായിരുന്നു. മതംമാറി ഷാഹുല്‍ഹമീദ് എന്ന പേര് സ്വീകരിച്ച രാഹുല്‍ നജീമയെ വിവാഹം കഴിച്ചു ബംഗളൂരുവില്‍ കഴിയുകയായിരുന്നു. കണ്ണൂര്‍ ഉള്‍പ്പെടെ വിവിധ ജില്ലകളിലേയ്ക്ക് മയക്കുമരുന്നു എത്തിക്കുന്ന സംഘത്തില്‍പ്പെട്ടവരാണ് ദമ്പതികളെന്നു പൊലീസ് കൂട്ടിച്ചേര്‍ത്തു.







