കാസര്‍കോട്: രാജസ്ഥാനില്‍ നിന്നും ആടുകളെ എത്തിച്ചു നല്‍കാമെന്നു വാഗ്ദാനം ചെയ്ത് മഞ്ചേശ്വരം സ്വദേശിയുടെ എട്ടരലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. സംഭവത്തില്‍ മഞ്ചേശ്വരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ഉദ്യാവാര്‍, കെ ജെ എം ക്രോസ് റോഡ്, ബങ്കരക്കുന്നിലെ സയ്യിദ് ത്വാഹ തങ്ങളുടെ പരാതി പ്രകാരം രാജസ്ഥാന്‍, അജ്മീര്‍ പുഷ്‌ക്കറിലെ ഹാന്‍സ് ഗോട്ട് ഫാമിലെ, ഭഗവന്‍ ചൗളഹംസ് രാജിനെതിരെയാണ് കേസെടുത്തത്.
ആടുകളെ ലോറികളില്‍ എത്തിച്ചു നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് 2022 നവംബര്‍ 30, 2023 ജനുവരി 10, 2023 ജനുവരി 20 തീയ്യതികളിലായി 8,50,000രൂപ വാങ്ങിയതായി സയ്യിദ് ത്വാഹ നല്‍കിയ പരാതിയില്‍ പറഞ്ഞു. എന്നാല്‍ കരാര്‍ പ്രകാരം ആടുകളെ എത്തിക്കുകയോ, പണം തിരികെ നല്‍കുകയോ ചെയ്തിട്ടില്ലെന്നു കൂട്ടിച്ചേര്‍ത്തു.







