ധാക്ക: ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രിയും ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടി മേധാവിയുമായ ഖാലിദ സിയ(80) അന്തരിച്ചു. രോഗബാധിതയായിരുന്നു. ധാക്കയിലെ എവര്‍കെയര്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ചൊവ്വാഴ്ച രാവിലെയായിരുന്നു അന്ത്യം.
ഹൃദയത്തിലും ശ്വാസകോശത്തിലും അണുബാധ ഉണ്ടായതിനെ തുടര്‍ന്ന് ഒരു മാസത്തോളമായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇതിനിടെ ന്യുമോണിയയും ബാധിച്ചു. ബംഗ്ലാദേശ് പ്രധാനമന്ത്രിയായ ആദ്യ വനിതയും ലോകത്തെ രണ്ടാമത്തെ മുസ്ലിം വനിതാ പ്രധാനമന്ത്രിയുമായിരുന്നു.
1991 ലാണ് ഖാലിദ സിയ ബംഗ്ലാദേശ് പ്രധാനമന്ത്രിയായത്. 1996 വരെ ഭരണത്തില്‍ തുടര്‍ന്നു. തുടര്‍ന്നും അധികാരത്തിലെത്തിയെങ്കിലും കാലാവധി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല. 2001-2006 കാലത്തും ബിഎന്‍പി അധികാരത്തിലെത്തി. ഖാലിദ പ്രധാനമന്ത്രിയാവുകയും ചെയ്തു.
ബംഗ്ലാദേശ് സൈനിക മേധാവിയും പില്‍ക്കാലത്ത് പ്രസിഡന്റുമായ സിയാവുര്‍ റഹ്‌മാന്റെ ഭാര്യയാണ്. ഭര്‍ത്താവ് കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് 1981 ല്‍ ആണ് ഭരണനേതൃത്വത്തിലേക്ക് എത്തിയത്. ഈ കാലത്ത് ബംഗ്ലാദേശില്‍ പട്ടാള ഭരണത്തിനെതിരെ ജനകീയ പ്രക്ഷോഭങ്ങള്‍ക്കും അവര്‍ നേതൃത്വം നല്‍കി. 2018 ല്‍ അഴിമതി കേസില്‍ തടവിലാക്കപ്പെട്ടു. പിന്നീട് ആരോഗ്യപരമായ കാരണം ചൂണ്ടിക്കാട്ടി ശിക്ഷ മരവിപ്പിച്ചു. ഷെയ്ഖ് ഹസീന സര്‍ക്കാര്‍ രാജിവെച്ചതോടെ 2024 ഓഗസ്റ്റില്‍ ജയില്‍ മോചിതയായി. 2025 ല്‍ എല്ലാ അഴിമതി കേസില്‍ നിന്നും ബംഗ്ലാദേശ് സുപ്രീം കോടതി ഖാലിദയെ കുറ്റവിമുക്തയാക്കി.
17 വര്‍ഷത്തെ പ്രവാസ ജീവിതത്തിന് ശേഷം മൂത്ത മകന്‍ താരിഖ് റഹ്‌മാനും കുടുംബവും ഏതാനും ദിവസം മുമ്പ് ബംഗ്ലാദേശിലേക്ക് മടങ്ങിയെത്തിയിരുന്നു. ഇളയ മകന്‍ അറഫത്ത് റഹ്‌മാന്‍ കൊക്കോ ഏതാനും വര്‍ഷം മുമ്പ് മലേഷ്യയില്‍ മരിച്ചിരുന്നു.







