കാസര്‍കോട്: ബേക്കല്‍ ബീച്ച് ഫെസ്റ്റില്‍ വേടന്റെ സംഗീത പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി ട്രെയിന്‍ ഇടിച്ച് മരിച്ച സംഭവം നാടിനെ കണ്ണീരിലാഴ്ത്തി. പൊയ്‌നാച്ചി, പറമ്പിലെ ശിവം ഹൗസിലെ വേണുഗോപാലൻ നായരുടെ മകന്‍ എം ശിവനന്ദന്‍ (19)ആണ് മരിച്ചത്. മംഗ്‌ളൂരുവില്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയാണ്.
തിങ്കളാഴ്ച രാത്രി ഒന്‍പതുമണിയോടെയാണ് സംഭവം. അയല്‍വാസിയും സുഹൃത്തുമായ പറമ്പ, കുണ്ടടുക്ക ഹൗസിലെ കെ അജേഷി(20)നൊപ്പം പള്ളിക്കര ബീച്ചിലേയ്ക്ക് നടന്നു പോവുകയായിരുന്നു ശിവനന്ദന്‍. റെയില്‍വെ ട്രാക്കിനു സമീപത്തു കൂടി നടന്നു പോകുന്നതിനിടയില്‍ കണ്ണൂര്‍ ഭാഗത്തു നിന്നും എത്തിയ ട്രെയിന്‍ ഇടിച്ചാണ് അപകടം ഉണ്ടായതെന്നു ബേക്കല്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പറയുന്നു. സുഹൃത്തായ അജേഷിന്റെ പരാതി പ്രകാരമാണ് കേസെടുത്തത്. വേണു ഗോപാലൻ നായർ -സ്മിത ദമ്പതികളുടെ ഏകമകനാണ് ശിവനന്ദന്‍. വിദ്യാര്‍ത്ഥിയുടെ മരണം നാടിനെ കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്.
അതേസമയം വേടന്റെ സംഗീതപരിപാടിക്കിടയില്‍ ഉണ്ടായ തിക്കും തിരക്കും വലിയ ആശങ്ക ഉയര്‍ത്തിയിരുന്നു. ശ്വാസം കിട്ടാതെ പലരും കുഴഞ്ഞു വീണതാണ് ആശങ്കയ്ക്ക് ഇടയാക്കിയത്.
ബേക്കല്‍ ബീച്ച് ഫെസ്റ്റില്‍ ഉണ്ടായ തിരക്കില്‍ ആറുപേര്‍ക്കു മാത്രമാണ് ശ്വാസതടസ്സം അനുഭവപ്പെട്ടതെന്നും ഇവര്‍ക്ക് ആവശ്യമായ വൈദ്യ സഹായം നല്‍കിയ ശേഷം ഡിസ്ചാര്‍ജ്ജ് ചെയ്തുവെന്നും ജില്ലാ പൊലീസ് മേധാവി ബി വി വിജയഭരത് റെഡ്ഡി അറിയിച്ചു. പൊതുജനങ്ങളില്‍ ആരും പരിഭ്രാന്തി സൃഷ്ടിക്കരുതെന്നു കൂട്ടിച്ചേര്‍ത്തു.







