തിരുവനന്തപുരം: കഴക്കൂട്ടത്ത് ഇതര സംസ്ഥാന സ്വദേശിയായ കുഞ്ഞിന്റെ മരണം കൊലപാതകം തന്നെയെന്ന് പൊലീസ്. പശ്ചിമബംഗാളിലെ ഉത്തര്‍ദിനാജ്പുര്‍ സ്വദേശിയായ ദില്‍ദാറി(4) ന്റെ മരണമാണ് കൊലപാതകമെന്ന നിഗമനത്തില്‍ പൊലീസ് എത്തിച്ചേര്‍ന്നത്. സംഭവത്തില്‍ കുട്ടിയുടെ അമ്മ മുന്നി ബീഗത്തെയും (23) അവരുടെ ആണ്‍സുഹൃത്ത് മഹാരാഷ്ട്ര സ്വദേശി തന്‍ബീര്‍ ആല(22)ത്തിനെയും പൊലീസ് കസ്റ്റഡിയിലെടുത്തു.
ഞായറാഴ്ച വൈകിട്ടാണ് കുഞ്ഞുമായി അമ്മ കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയിലെത്തുന്നത്. കുഞ്ഞ് ഉറക്കമുണര്‍ന്നില്ലെന്ന് പറഞ്ഞായിരുന്നു ഇവര്‍ എത്തിയത്. പരിശോധനയില്‍ കഴുത്തില്‍ ഞെരിച്ചതുപോലെയുള്ള പാടുകള്‍ കണ്ടെത്തുകയും ആശുപത്രി അധികൃതര്‍ പൊലീസിനെ വിവരം അറിയിക്കുകയുമായിരുന്നു. കുട്ടിയെ സംഭവ ദിവസം രാവിലെ കണ്ടതായി അയല്‍വാസികള്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.
കുട്ടിയുടെ അച്ഛന്‍ പെരുമ്പാവൂരില്‍ ജോലി ചെയ്യുകയാണെന്നാണ് മുന്നി ബീഗം പൊലീസിനോട് പറഞ്ഞു. താന്‍ തന്‍ബീര്‍ ആലത്തോടൊപ്പം ജോലി അന്വേഷിച്ച് കഴക്കൂട്ടത്ത് എത്തിയതാണെന്നും തന്‍ബീര്‍ തന്റെ ബന്ധുവാണെന്നുമാണ് യുവതി പൊലീസിനോട് പറഞ്ഞത്. കഴക്കൂട്ടത്തെ ലോഡ്ജിലാണ് ഇവര്‍ താമസിച്ചിരുന്നത്.







