കാസര്‍കോട്: ബേക്കല്‍ ബീച്ച് ഫെസ്റ്റിനിടെ തിക്കിലും തിരക്കിലും പെട്ട് നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും പൊയിനാച്ചി സ്വദേശിയായ യുവാവ് ട്രെയിന്‍ തട്ടി മരിക്കുകയും ചെയ്ത സംഭവത്തില്‍ സംഘാടകര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് എം.എല്‍. അശ്വിനി ആവശ്യപ്പെട്ടു.
ക്രിസ്മസ് അവധിയായതിനാല്‍ വലിയ ജനത്തിരക്ക് ബേക്കല്‍ ഫെസ്റ്റിന് അനുഭവപ്പെടുമെന്നു മുന്‍കൂട്ടി അറിഞ്ഞിട്ടും തിരക്ക് നിയന്ത്രിക്കാന്‍ സംഘാടകരുടെ ഭാഗത്ത് നിന്നു കാര്യമായ മുന്‍കരുതലുകള്‍ ഉണ്ടായില്ലെന്നു അവര്‍ ചൂണ്ടിക്കാട്ടി.സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുന്നതില്‍ ജില്ലാ ഭരണകൂടവും പരാജയപ്പെട്ടു-അശ്വിനി ആരോപിച്ചു.
നവംബര്‍ 23 ന് കാസര്‍കോട് നഗരത്തില്‍ സമാന അപകടം ഉണ്ടായിട്ടും പാഠം ഉള്‍ക്കൊള്ളാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറായില്ലെന്നതിന്റെ തെളിവാണ് ബേക്കലിലെ അപകടമെന്നും അശ്വിനി ചൂണ്ടിക്കാട്ടി. സംഗീതപരിപാടി വീക്ഷിക്കാന്‍ വലിയ ജനക്കൂട്ടം ഉണ്ടാകുമെന്നറിഞ്ഞിട്ടും തിരക്ക് നിയന്ത്രിക്കാന്‍ കാര്യമായ മുന്‍കരുതലുകള്‍ സംഘാടകരുടെ ഭാഗത്ത് നിന്നോ അധികൃതരുടെ ഭാഗത്തു നിന്നോ ഉണ്ടായില്ലെന്നത് നിസാരമായി കാണാനാവില്ല.







