ചെന്നൈ: കുട്ടികള്‍ക്കൊപ്പമുള്ള രസകരമായ വൈറല്‍ റീലിനൊപ്പം വിവാഹ തീയതി പ്രഖ്യാപിച്ച് അല്ലു അര്‍ജുന്റെ സഹോദരന്‍ അല്ലു സിരിഷ്. സുഹൃത്ത് കൂടിയായ നയനികയെ ആണ് താരം ജീവിതസഖിയാക്കുന്നത്. തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് താരം വിവാഹ തീയതി പുറത്തുവിട്ടത്. ജീവിതത്തിലെ ഒരു പ്രധാന കാര്യം വെളിപ്പെടുത്താന്‍ വേറിട്ടതും ലളിതവുമായ രീതി തെരഞ്ഞെടുത്തത്തില്‍ താരത്തെ പലരും പ്രശസിച്ചു. വീഡിയോ ആരാധകര്‍ ഏറ്റെടുക്കുകയും പെട്ടെന്ന് തന്നെ വൈറലാകുകയും ചെയ്തു. നിരവധി പേരാണ് താരത്തിന് ആശംസ അറിയിച്ച് രംഗത്തെത്തിയത്.
2026 മാര്‍ച്ച് 6 നാണ് അല്ലു സിരിഷും നയനികയുമായുള്ള വിവാഹം. എന്നാല്‍ വിവാഹ വേദി വ്യക്തമാക്കിയിട്ടില്ല. ഒക്ടോബര്‍ 31 ന് ആണ് ഇരുവരുടേയും വിവാഹ നിശ്ചയം നടന്നത്. തെലുങ്ക് ചലച്ചിത്രമേഖലയില്‍ തന്റേതായ വ്യക്തിത്വം സൃഷ്ടിച്ച താരമാണ് സിരീഷ്. ഗൗരവം എന്ന ചിത്രത്തിലൂടെയാണ് സിരിഷ് നായകനായി അരങ്ങേറ്റം കുറിച്ചത്.







