ബെംഗളൂരു: ലിവ് ഇന്‍ പങ്കാളിയേയും പ്രായപൂര്‍ത്തിയാകാത്ത സഹോദരിയെയും ലൈംഗികമായി പീഡിപ്പിച്ച ശേഷം 20 ലക്ഷം രൂപയും സ്വര്‍ണവും തട്ടിയെടുത്തുവെന്ന പരാതിയില്‍ യുവാവ് അറസ്റ്റില്‍. ബെംഗളൂരു സ്വദേശി ശുഭം ശുക്ല (29) ആണ് അറസ്റ്റിലായത്. വഞ്ചന, മോഷണം, ലൈംഗിക ചൂഷണം എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് അറസ്റ്റ്. ബാഗല്‍ഗുണ്ടെയിലെ യുവതിയും പ്രായപൂര്‍ത്തിയാകാത്ത സഹോദരിയുമാണ് പീഡനത്തിനിരയായത്. ഈ സംഭവത്തില്‍ യുവാവിനെതിരെ പോക്‌സോ കേസും റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
ശുഭം ശുക്ല ആദ്യം യുവതിയുടെ പ്രായപൂര്‍ത്തിയാകാത്ത സഹോദരിയുമായാണ് ബന്ധം സ്ഥാപിച്ചത്. തുടര്‍ന്ന് വിശ്വാസം നേടിയ ശേഷം പെണ്‍കുട്ടിയുടെ കുടുംബവുമായി അടുപ്പത്തിലാകുകയും പിന്നീട് പെണ്‍കുട്ടിയുടെ മൂത്ത സഹോദരിയുമായി അടുക്കുകയും ലിവ്ഇന്‍ ബന്ധത്തിലാകുകയുമായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. മൂന്നു വര്‍ഷത്തോളം ബെംഗളൂരുവില്‍ ഒരുമിച്ച് താമസിച്ചു. ഇതിനിടെ യുവാവ് തന്റെ 20 ലക്ഷം രൂപയും 200 ഗ്രാം സ്വര്‍ണവും കൈക്കലാക്കിയെന്നും ലൈംഗികമായി പീഡിപ്പിച്ചെന്നും യുവതിയുടെ പരാതിയില്‍ പറയുന്നു.
ഇതിനിടെയാണ് ശുഭം ശുക്ല വിവാഹിതനാണെന്ന കാര്യം യുവതി അറിയുന്നത്. ഇക്കാര്യം ചോദിച്ചപ്പോള്‍, ഭാര്യയില്‍ നിന്നും ഉടന്‍ വിവാഹമോചനം നേടുമെന്നായിരുന്നു യുവാവിന്റെ മറുപടി. എന്നാല്‍ ലൈംഗിക പീഡനം തുടര്‍ന്നതാടെ യുവതി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പിന്നാലെ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇതിനിടെയാണ് യുവതിയുടെ സഹോദരി നല്‍കിയ കേസില്‍ പ്രതിക്കെതിരെ പോക്‌സോ കേസും ചുമത്തിയത്.







