ചെന്നൈ: കുപ്രസിദ്ധ കുറ്റവാളി ബാലമുരുകന്‍ പൊലീസ് പിടിയിലായി. തെങ്കാശിയില്‍ വാഹന പരിശോധനയ്ക്കിടെയാണ് ഇയാള്‍ പിടിയിലായത്. നേരത്തെ വിയ്യൂര്‍ ജയിലിന് സമീപത്തു നിന്നാണ് ഇയാള്‍ രക്ഷപ്പെട്ടത്. തമിഴ്‌നാട്ടിലെ ഒരു കേസന്വേഷണത്തിന്റെ ഭാഗമായി വിയ്യൂർ ജയിലിൽനിന്ന് ബാലമുരുകനെ തമിഴ്നാട് പൊലീസിന് കൈമാറിയതായിരുന്നു. തിരിച്ച് വിയ്യൂർ ജയിലിൽ എത്തിക്കുന്നതിനിടെയാണ് രക്ഷപ്പെട്ടത്. ജയിലിനടുത്തുവെച്ച് ഇയാൾ മൂത്രമൊഴിക്കണമെന്ന് പറയുകയും ഇതിനായി പൊലീസ് വാഹനം നിർത്തിയപ്പോൾ അടുത്തുള്ള മതിൽചാടി രക്ഷപ്പെടുകയുമായിരുന്നു എന്നാണ് തമിഴ്‌നാട് പൊലീസ് പറഞ്ഞത്. രക്ഷപ്പെട്ട് ദിവസങ്ങൾക്കകം ഇയാൾ തെങ്കാശിയിലെത്തിയതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. അഞ്ചു കൊലപാതകം, മോഷണം അടക്കം 53 കേസുകളിലെ പ്രതിയാണ് ബാലമുരുകനെന്ന് പൊലീസ് പറഞ്ഞു. തെങ്കാശി കോടതിയിൽ ഹാജരാക്കിയ പ്രതിയെ ഞായറാഴ്ച ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡുചെയ്തു.2023 സെപ്റ്റംബർ 24 മുതൽ വിയ്യൂരിലെ അതീവ സുരക്ഷാ ജയിലിലായിരുന്നു ബാലമുരുകൻ. പൊലീസിനെ ആക്രമിച്ച് നേരത്തേയും ജയിൽ ചാടിയിട്ടുണ്ട്. കുപ്രസിദ്ധ കുറ്റവാളിയായ ബാലമുരുകനെ തമിഴ്‌നാട് പൊലീസ് ലാഘവത്തോടെയാണ് കൈകാര്യം ചെയ്തതെന്ന ആക്ഷേപം ശക്തമായിരുന്നു.







