കാസര്‍കോട്: താളമേളങ്ങള്‍ ഉണര്‍ന്നു. മൊഗ്രാലില്‍ ജില്ലാ കലോത്സവം തെളിഞ്ഞു.
മൂന്നു ദിവസങ്ങളിലായി തുടരുന്ന റവന്യു ജില്ലാ കലോത്സവം രാജ്മോഹന്‍ ഉണ്ണിത്താന്‍ എം പി രാവിലെ ഉദ്ഘാടനം ചെയ്തു. മൊഗ്രാല്‍ വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ നടന്ന ചടങ്ങില്‍ ജനപ്രതിനിധികളും വിദ്യാഭ്യാസ വകുപ്പു ജീവനക്കാരും മറ്റും പങ്കെടുത്തു. തുടര്‍ന്നു വിവിധ വേദികളില്‍ മത്സരങ്ങള്‍ ആരംഭിച്ചു. മൂന്നു ദിവസങ്ങളിലായി 238 ഇനങ്ങളിലാണ് മത്സരങ്ങള്‍ നടക്കുക. ജില്ലയിലെ വിവിധ സ്‌കൂളുകളില്‍ നിന്നു വിവിധ കലാരൂപങ്ങള്‍ അവതരിപ്പിക്കുന്നതിന് 3953 കുട്ടികള്‍ എത്തും. യു പി വിഭാഗത്തില്‍ 51 ഇനങ്ങളിലും ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 106 ഇനങ്ങളിലും എച്ച് എസ് എസ് വിഭാഗത്തില്‍ 81 ഇനങ്ങളിലുമാണ് മത്സരം. യു പി വിഭാഗത്തില്‍ 1128 കുട്ടികളും ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 1404 കുട്ടികളും ഹയര്‍സെക്കണ്ടറി വിഭാഗത്തില്‍ 1421 വിദ്യാര്‍ത്ഥികളും സര്‍ഗഭാവനങ്ങള്‍ ആവിഷ്‌ക്കരിക്കും. ആദ്യ ദിവസമായ ഇന്നു 1121 കുട്ടികള്‍ വിവിധ മത്സരങ്ങില്‍ മാറ്റുരക്കുന്നു. കലോത്സവം ഇശല്‍ ഗ്രാമത്തിന്റെ മഹോത്സവമായി നാട്ടുകാര്‍ നേരത്തെ ഏറ്റെടുത്തിരുന്നു. കലോത്സവ ഒരുക്കത്തിന് നാട് ഒരുമിച്ചു നിന്നു. ആ ഒരുമ നടത്തിപ്പിലും തെളിഞ്ഞു നില്‍ക്കുന്നു.









