മംഗളൂരു: ക്ഷേത്ര ഉത്സവത്തിനിടെ വയോധികയുടെ സ്വര്‍ണ്ണമാല കവര്‍ന്ന സംഭവത്തില്‍ മൂന്ന് യുവതികള്‍ പിടിയില്‍. തമിഴ്നാട് കൃഷ്ണഗിരി മറിയാമ്മബേഡി സ്വദേശികളായ ശീതള്‍, കാളിയമ്മ, മാരി (40) എന്നിവരെയാണ് പഡുബിദ്രെ പൊലീസ് അറസ്റ്റുചെയ്തത്. ഈമാസം 24ന് ഹെജമാഡി ശ്രീ ബ്രഹ്‌മ ബൈദേര്‍ക്കള ക്ഷേത്രത്തിലെ ഉല്‍സവത്തിനിടെയാണ് സംഭവം. ഉല്‍സവത്തിന് എത്തിയ പ്രദേശവാസിയായ കമല (78)യുടെ മാലയാണ് സംഘം പൊട്ടിച്ചെടുത്തത്. ദര്‍ശനത്തിന് ശേഷം കമല ക്ഷേത്രത്തിലെ ശാരദ പൂജാരിയുമായി സംസാരിച്ചുകൊണ്ടിരിക്കെയാണ് മാല കവര്‍ന്നത് ശ്രദ്ധയില്‍പെട്ടത്. ഇതേ തുടര്‍ന്ന് സംഭവം ക്ഷേത്രമാനേജ്‌മെന്റിന്റെ ശ്രദ്ധയില്‍പെടുത്തി. തുടര്‍ന്ന് ക്ഷേത്രത്തിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍, മൂന്ന് യുവതികള്‍ കമലയുടെ പിറകെ നടക്കുന്നതും 3 പവന്‍ തൂക്കം വരുന്ന ഒരു സ്വര്‍ണ്ണമാല മോഷ്ടിക്കുകയും ചെയ്യുന്നത് കണ്ടെത്തി. പഡുബിദ്രെ പൊലീസ് സ്റ്റേഷനില്‍ കമല പരാതി നല്‍കി. മൂന്നു യുവതികളെയും പുത്തൂരില്‍ നിന്ന് പൊലീസ് കണ്ടെത്തി. അറസ്റ്റ് ചെയ്ത ഇവരെ ഉഡുപ്പി കോടതിയില്‍ ഹാജരാക്കി. കൂടുതല്‍ അന്വേഷണത്തിനായി പൊലീസ് കസ്റ്റഡിയില്‍ വിട്ടു.







