ചെന്നൈ: വിജയ് രൂപീകരിച്ച തമിഴക വെട്രി കഴകം (ടി വി കെ) പാർട്ടിയിൽ ആഭ്യന്തര കലഹം രൂക്ഷമായി. പാർട്ടിയിലെ പദവി തർക്കങ്ങളെയും പ്രാദേശിക നേതാക്കളുടെ ഭീഷണിയെയും തുടർന്ന് രണ്ട് ഭാരവാഹികൾ ജീവനൊടുക്കാൻ ശ്രമിച്ചു. തൂത്തുക്കുടി സെൻട്രൽ ജില്ലാ സെക്രട്ടറി സ്ഥാനം നിഷേധിച്ചതിൽ മനംനൊന്ത് വനിതാ നേതാവ് അജിത ആഗ്‌നൽ അമിതമായി ഉറക്കഗുളിക കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ചു. ചൊവ്വാഴ്ചയാണ് സാമുവല്‍ രാജ് എന്നയാളെ തൂത്തുക്കുടി സെന്‍ട്രലിന്‍റെ ജില്ലാ സെക്രട്ടറിയായി വിജയ് പ്രഖ്യാപിച്ചത്. പ്രഖ്യാപനത്തിന് പിന്നാലെ അജിത കടുത്ത എതിര്‍പ്പ് ഉയര്‍ത്തി. പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ സാമുവല്‍ സജീവമായിരുന്നില്ലെന്നും താനാണ് സെക്രട്ടറി പദത്തിന് അര്‍ഹയെന്നും അവര്‍ മുതിര്‍ന്ന നേതാക്കളെ അറിയിച്ചു. തുടര്‍ന്ന് ടിവികെ ആസ്ഥാനമായ പനയൂരില്‍ വിജയ്യുടെ കാര്‍ തടഞ്ഞും ഓഫിസിന് മുന്നില്‍ ധര്‍ണ ഇരുന്നും അജിതയും അനുയായികളും പ്രതിഷേധിച്ചു. പ്രതിഷേധത്തിന് പിന്നാലെ അജിതയ്ക്കെതിരെ വലിയ സൈബര്‍ ആക്രമണവും ഉണ്ടായി. ഡിഎംകെയുടെ ചാരയെന്നടക്കം ടിവികെ അനുയായികള്‍ സമൂഹമാധ്യമങ്ങളില്‍ എഴുതിയതോടെ യുവതി മാനസികമായി തകര്‍ന്നിരുന്നു. രണ്ടു വർഷത്തിലേറെ സജീവമായി പ്രവർത്തിച്ചിട്ടും ജില്ലാ സെക്രട്ടറി സ്ഥാനം നിഷേധിച്ചെന്നാണ് അജിതയുടെ ആരോപണം. 15ഓളം ഉറക്ക് ഗുളിക കഴിച്ച് നിലവിൽ അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ് അജിത. രണ്ടാമത്തെ സംഭവം തിരുവള്ളൂരിലാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ക്രിസ്മസ് ബാനറിൽ പ്രാദേശിക നേതാവിന്റെ ചിത്രം ഉൾപ്പെടുത്താത്തതിനെച്ചൊല്ലിയുള്ള തർക്കത്തെത്തുടർന്ന് ടിവികെ യുവജന വിഭാഗം സെക്രട്ടറി വിജയ് സതീഷ് ശുചിമുറി വൃത്തിയാക്കുന്ന ദ്രാവകം കുടിച്ചാണ് ജീവനൊടുക്കാൻ ശ്രമം നടത്തിയത്. യൂണിയൻ സെക്രട്ടറി വിജയ് പ്രഭുവിന്റെ ചിത്രം ബാനറിൽ ഇല്ലാത്തതിന്റെ പേരിൽ തന്നെ ഭീഷണിപ്പെടുത്തുകയും അപമാനിക്കുകയും ചെയ്തതാണ് സതീഷിനെ ഇത്തരമൊരു കടുത്ത തീരുമാനത്തിലേക്ക് നയിച്ചത്. രണ്ട് നേതാക്കളും നിലവിൽ ആശുപത്രികളിൽ ചികിത്സയിൽ തുടരുകയാണ്.







