എസ്.ഐ.ആര്‍ കരട് വോട്ടര്‍ പട്ടിക; അര്‍ഹരായവരെ ഉള്‍പ്പെടുത്താന്‍ ഹെല്‍പ് ഡെസ്‌കുകള്‍ തുടങ്ങുമെന്ന് സംസ്ഥാന സര്‍ക്കാര്‍

തിരുവനന്തപുരം: എസ്.ഐ.ആര്‍ കരട് വോട്ടര്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കിയവരില്‍ അര്‍ഹരായവരെ ഉള്‍പ്പെടുത്താന്‍ ഹെല്‍പ് ഡെസ്‌കുകള്‍ തുടങ്ങാന്‍ സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിട്ടു. വില്ലേജ് ഓഫീസുകള്‍ കേന്ദ്രീകരിച്ച് രണ്ട് ജീവനക്കാ
ര്‍ക്ക് ഇതിന്റെ ചുമതല നല്‍കി. ഉന്നതികള്‍, മലയോര-തീര മേഖലകള്‍ തുടങ്ങിയ സ്ഥലങ്ങളിലെത്തി ബോധവത്കരണം നടത്താന്‍ അംഗനവാടി, ആശ വര്‍ക്കര്‍മാരെയും കുടുംബശ്രീ പ്രവര്‍ത്തകരെയും നിയോഗിക്കും.

കേരളം ഉള്‍പ്പെടെ പതിനൊന്ന് സംസ്ഥാനങ്ങളിലെ എസ്.ഐ.ആര്‍ കരടു പട്ടിക പ്രസിദ്ധീകരിച്ചപ്പോള്‍ മൂന്നു കോടി എഴുപത് ലക്ഷം വോട്ടര്‍മാര്‍ കുറഞ്ഞു. ഏറ്റവും കൂടുതല്‍ വോട്ടര്‍മാര്‍ ഒഴിവായത് തമിഴ്‌നാട്ടിലാണ്.
97 ലക്ഷം വോട്ടര്‍മാര്‍. ഫെബ്രുവരി 21 ന് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ച ശേഷമാകും കേരളം ഉള്‍പ്പെടെ അഞ്ചു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുക. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ കണക്ക് ചൂണ്ടിക്കാട്ടിയാണ് എസ്.ഐ.ആറിനെതിരായ ആക്ഷേപം കേന്ദ്ര സര്‍ക്കാര്‍ നേരിടുന്നത്.

ബിഹാറിനു ശേഷം കേരളം ഉള്‍പ്പടെ പത്ത് സംസ്ഥാനങ്ങളിലെയും രണ്ട് കേന്ദ്ര ഭരണപ്രദേശങ്ങളിലെയും തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌ക്കരണമാണ് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. ഇതില്‍ ഉത്തര്‍പ്രദേശ് ഒഴികെ പതിനൊന്നിടത്തെ കരട് പട്ടിക പ്രസിദ്ധീകരിച്ചു. ഉത്തര്‍പ്രദേശില്‍ ഈ മാസം 31 വരെയാണ് സമയം നല്‍കിയിരിക്കുന്നത്. മരിച്ചവര്‍, സ്ഥിരമായി താമസം മാറിയവര്‍ എന്നിവരെ ഒഴിവാക്കിയുള്ള കരട് പട്ടികകളിലെ പരാതി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിരീക്ഷിക്കും.

യുപി മാറ്റി നിര്‍ത്തിയാല്‍ നിലവിലെ പട്ടികയില്‍ കേരളം അടക്കം പതിനൊന്ന് ഇടങ്ങളില്‍ 36 കോടി വോട്ടര്‍മാരാണ് ഉള്ളത്. പശ്ചിമ ബംഗാളില്‍ 58 ലക്ഷം പേരാണ് ഒഴിവായത്. പശ്ചിമ ബംഗാളില്‍ അനര്‍ഹര്‍ പട്ടികയില്‍ കടന്നു കൂടി എന്ന ആക്ഷേപം ബിജെപി ഉന്നയിച്ചിട്ടുണ്ട്. ഗുജറാത്തില്‍ 73 ലക്ഷം പേര്‍ പട്ടികയില്‍ നിന്ന് പുറത്തായി. മധ്യപ്രദേശില്‍ 42.74 ലക്ഷം വോട്ടര്‍മാരുടെ കുറവാണ് കരട് പട്ടികയിലുള്ളത്. ഛത്തീസ്ഗഡില്‍ 27 ലക്ഷം പേര്‍ ഒഴിവായി. ആന്‍ഡമാനില്‍ 54000 പേര്‍ പട്ടികയില്‍ ഇല്ല.

എസ്.ഐ.ആറിനു ശേഷമുള്ള കരടില്‍ മൂന്നു കോടി എഴുപത് ലക്ഷം പേരാണ് ആകെ കുറഞ്ഞത്. വിവിധ സംസ്ഥാനങ്ങളില്‍ പട്ടികയില്‍ ആക്ഷേപം ഉന്നയിക്കാനുള്ള തീയതി അടുത്ത മാസം 23ന് അവസാനിക്കും. ഫെബ്രുവരി 21 നാണ് അന്തിമ പട്ടിക പ്രസിദ്ധീകരിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിശ്ചയിച്ചിട്ടുള്ളത്. എന്നാല്‍ കോടതി ഇടപെടല്‍ ഉണ്ടായാല്‍ ഇത് വീണ്ടും നീളാനുള്ള സാധ്യതയുണ്ട്. അന്തിമ പട്ടിക കൂടി വന്ന ശേഷമേ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കൂ എന്ന സൂചനയാണ് കമ്മീഷന്‍ വൃത്തങ്ങള്‍ നല്‍കുന്നത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page