കാസർകോട്: എൻമകജെ പഞ്ചായത്ത് പ്രസിഡൻറ് – വൈസ് പ്രസിഡൻറ് തിരഞ്ഞെടുപ്പ് കഴിഞ്ഞ ഉടനെ മുസ്ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റി പിരിച്ചുവിട്ടു. ഭാരവാഹികൾ രാജിവയ്ക്കുകയും ഓഫീസ് പൂട്ടുകയും ചെയ്തു. താക്കോൽ ലീഗ് മണ്ഡലം കമ്മിറ്റിയെ ഏൽപ്പിച്ചു. യൂത്ത് ലീഗ് പഞ്ചായത്ത് കമ്മിറ്റിയും പിരിച്ചുവിടലിനു തയ്യാറെടുക്കുകയാണെന്ന് പ്രവർത്തകർ സൂചിപ്പിച്ചു .ലീഗ് ജില്ലാകമ്മിറ്റിയേയും പ്രവർത്തകർ ഇക്കാര്യങ്ങൾ അറിയിച്ചിട്ടുണ്ടെന്നു പറയുന്നു. പതിനെട്ടം ഗ പഞ്ചായത്ത് സമിതിയിൽ യുഡിഎഫിന് എട്ടും (കോൺഗ്രസ് – 4, ലീഗ് -4 )ബിജെപിക്ക് ആറും ഇടതുമുന്നണിക്ക് നാലും അംഗങ്ങളാണുള്ളത്. പ്രസിഡൻറ് – വൈസ് പ്രസിഡൻറ് തിരഞ്ഞെടുപ്പിൽ മുന്നണികളും ബിജെപിയും പരസ്പര ധാരണയ്ക്ക് തയ്യാറാവാതിരുന്നതിനെ തുടർന്ന് ഏറ്റവും വലിയ മുന്നണിയായ യുഡിഎഫിനെ പഞ്ചായത്ത് ഭരണസമിതി രൂപീകരിക്കാൻ ക്ഷണിക്കുകയായിരുന്നു. ഇതിനെ തുടർന്ന് കോൺഗ്രസ് അംഗം കുസുമാവതി പ്രസിഡണ്ടായി സത്യപ്രതിജ്ഞ ചെയ്തു. വൈസ് പ്രസിഡൻറ് സ്ഥാനത്തേക്ക് മുസ്ലിം ലീഗ് ഒരു കോൺഗ്രസ് അംഗത്തിന്റെ പേര് നിർദ്ദേശിച്ചെങ്കിലും അദ്ദേഹം അതിൽ നിന്ന് ഒഴിഞ്ഞുമാറി. തുടർന്ന് എ കെഎം. അഷ്റഫ് എംഎൽഎ ഇടപെടുകയും ലീഗ് അംഗം സിദ്ദിഖ് ഒള മുഹറിനെ വൈസ് പ്രസിഡണ്ടായി തിരഞ്ഞെടുക്കുകയും ചെയ്തു. ഇതിൽ പ്രതിഷേധിച്ചാണ് ലീഗ് പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികൾ പഞ്ചായത്ത് കമ്മിറ്റി പിരിച്ചു വിട്ടതെന്ന് പറയുന്നു . അതിനുശേഷം ഭാരവാഹികളും രാജിവച്ചുവത്രെ. ഇതറിഞ്ഞ് പ്രവർത്തകരും കൂട്ടത്തോടെ രാജിവെച്ചു എന്നും, യൂത്ത് ലീഗ് പഞ്ചായത്ത് കമ്മിറ്റിയും പിരിച്ചുവിടലിനു തയ്യാറെടുക്കുന്നുണ്ടെന്നും പ്രവർത്തകർ അറിയിച്ചു. പഞ്ചായത്ത് ലീഗ് ഓഫീസ് പൂട്ടിയ ഭാരവാഹികൾ താക്കോൽ മണ്ഡലം ലീഗ് നേതൃത്വത്തെ ഏൽപ്പിച്ചതായും പറയുന്നു. 14 വാർഡിൽ മത്സരിച്ച് പത്തിലും പരാജയപ്പെടുകയായിരുന്നു കോൺഗ്രസ് എന്നും ലീഗ് നാലു വാർഡിൽ മത്സരിച്ച് നാലിലും വിജയിച്ചുവെന്നും അതിനാൽ പ്രസിഡൻ്റ് സ്ഥാനത്തിന് അർഹത ലീഗിനാണെന്നുമുള്ള ഒരു വിഭാഗം ലീഗ് പ്രവർത്തകരുടെ പിടിവാശിയാണ് പ്രശ്നങ്ങൾക്ക് കാരണമെന്ന് സംസാരമുണ്ട്. ലീഗിൻറെ മെമ്പർമാർക്ക് യുഡിഎഫിൻ്റെ തീരുമാനത്തിൽ എതിർപ്പില്ലെന്നും അവർ ചൂണ്ടിക്കാട്ടുന്നു. നാല് തവണ പഞ്ചായത്ത് മെമ്പറായ ആയിഷ സർവ്വസമ്മത ആണെന്നും അവരെ പഞ്ചായത്ത് പ്രസിഡണ്ട് ആകേണ്ടതായിരുന്നു എന്നും ഒരു വിഭാഗം ലീഗ് പ്രവർത്തകർ പറയുന്നുണ്ട് .അതേ സമയം, രാജിവെച്ച ലീഗ് പഞ്ചായത്ത് ഭാരവാഹികൾക്ക് പകരം പുതിയ ഭാരവാഹികളെ ഉടൻ നിയോഗിക്കുമെന്നും പഞ്ചായത്ത് ലീഗ് ഓഫീസ് പെട്ടെന്നു തുറക്കുമെന്നും ലീഗ് കേന്ദ്രങ്ങൾ സൂചിപ്പിച്ചു.







