ചെന്നൈ: ഓണ്‍ലൈന്‍ വഴി ട്രെയിന്‍ ടിക്കറ്റുകള്‍ മുന്‍കൂട്ടി ബുക്ക് ചെയ്യുന്നവര്‍ക്ക് ആദ്യ ദിവസം ആധാര്‍ വേരിഫിക്കേഷന്‍ നിര്‍ബന്ധമാക്കി ഇന്ത്യന്‍ റെയില്‍വേ ഉത്തരവിട്ടു. തത്കാല്‍ ഇ-ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്നതിന് ആധാര്‍ പരിശോധന നിര്‍ബന്ധമാക്കി ഏകദേശം ആറ് മാസത്തിന് ശേഷമാണ് റെയില്‍വേയുടെ പുതിയ തീരുമാനം. ജനുവരി 12 മുതല്‍ പുതിയ നിയമം പ്രാബല്യത്തില്‍ വരും. വ്യാജ ഐഡികള്‍ ഉപയോഗിച്ച് ഏജന്റുമാര്‍ ടിക്കറ്റുകള്‍ മൊത്തമായി ബുക്ക് ചെയ്യുന്നത് തടയാനാണ് പുതിയ സംവിധാനം ഏര്‍പ്പെടുത്തിയതെന്ന് റെയില്‍വെ അറിയിച്ചു.
റിസര്‍വേഷന്‍ കൗണ്ടറുകളില്‍ പേപ്പര്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്ന യാത്രക്കാര്‍ക്ക് സാധുവായ ഏതെങ്കിലും തിരിച്ചറിയല്‍ രേഖയോടൊപ്പം റിസര്‍വേഷന്‍ ഫോം നല്‍കി പതിവുപോലെ ടിക്കറ്റെടുക്കാം. റെയില്‍വേയുടെ ഉത്തരവ് അനുസരിച്ച്, ഐആര്‍സിടിസി പോര്‍ട്ടലില്‍ ആധാര്‍ പരിശോധന പൂര്‍ത്തിയാക്കാത്ത യാത്രക്കാര്‍ക്ക് ട്രെയിന്‍ പുറപ്പെടുന്നതിന് 60 ദിവസം മുമ്പ് ടിക്കറ്റ് ബുക്ക് ചെയ്യാനാവില്ല.
ബുക്കിംഗ് വിന്‍ഡോ രാവിലെ 8 മണിക്ക് തുറക്കും. ഡിസംബര്‍ 29 മുതല്‍ ആധാര്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഉപയോക്താക്കള്‍ക്ക് മാത്രമേ രാവിലെ എട്ടു മണി മുതല്‍ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ കഴിയൂ. ജനുവരി അഞ്ചു മുതല്‍ ഈ വ്യവസ്ഥ രാവിലെ എട്ടു മുതല്‍ വൈകുന്നേരം നാലു വരെ ദീര്‍ഘിപ്പിക്കും. ജനുവരി 12 മുതല്‍ രാവിലെ എട്ടുമുതല്‍ അര്‍ദ്ധരാത്രി വരെയുള്ള ടിക്കറ്റ് ബുക്കിംഗുകള്‍ ആധാര്‍ രജിസ്റ്റര്‍ ചെയ്ത ഉപയോക്താക്കള്‍ക്ക് മാത്രമായി ലഭ്യമാകും.







