പാട്‌ന: മുന്‍ ഭാര്യമാരെ വിവാഹമോചനം ചെയ്യാതെ മൂന്ന് വര്‍ഷത്തിനുള്ളില്‍ മൂന്ന് സ്ത്രീകളെ വിവാഹം കഴിച്ച യുവാവ് അറസ്റ്റില്‍. ബീഹാറിലെ ഗോപാല്‍ഗഞ്ചില്‍ നിന്നുള്ള പിന്റു ബണ്‍വാളാണ് അറസ്റ്റിലായത്. ആദ്യ ഭാര്യയും രണ്ടാം ഭാര്യയും നല്‍കിയ പരാതിയില്‍ ഗാര്‍ഹിക പീഡനം, സ്ത്രീധന പീഡനം, വഞ്ചന എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് അറസ്റ്റ്.
സാമ്പത്തിക നേട്ടത്തിനായി ബണ്‍വാള്‍ സ്ത്രീകളെ വിവാഹം കഴിക്കുകയും പീഡനത്തിന് വിധേയമാക്കിയ ശേഷം ഉപേക്ഷിക്കുകയും ചെയ്തുവെന്നാണ് മുന്‍ഭാര്യമാരുടെ ആരോപണം. എന്നാല്‍ ആരോപണങ്ങളെല്ലാം നിഷേധിച്ച പിന്റു ബണ്‍വാള്‍ മൂന്ന് സ്ത്രീകളെ വിവാഹം കഴിച്ച കാര്യം സമ്മതിച്ചു. സാഹചര്യങ്ങളാണ് തന്നെ കൊണ്ട് മൂന്നുവിവാഹം കഴിപ്പിച്ചതെന്നാണ് പിന്റു പറയുന്നത്.
സ്ത്രീധനത്തെക്കുറിച്ച് മുന്‍ഭാര്യമാര്‍ പറഞ്ഞതെല്ലാം നുണയാണ്, ഒരു രൂപ പോലും വാങ്ങിയിട്ടില്ല, വൃദ്ധയായ അമ്മയെ പരിപാലിക്കാന്‍ ഭാര്യമാര്‍ വിസമ്മതിച്ചതിനാലാണ് തന്റെ മുന്‍ വിവാഹങ്ങള്‍ പരാജയപ്പെട്ടതെന്നും ബണ്‍വാള്‍ വിശദീകരിച്ചു. മുന്‍ വിവാഹങ്ങളിലെ ഭാര്യമാര്‍ ഒരിക്കലും അടുക്കളയില്‍ കയറി ഭക്ഷണം പാകം ചെയ്തിരുന്നില്ല. ഞാനും അമ്മയുമാണ് അവര്‍ക്ക് ഭക്ഷണമുണ്ടാക്കി നല്‍കിയത്. അമ്മയുടെ ആരോഗ്യം മോശമായ സാഹചര്യത്തിലാണ് താന്‍ മൂന്നാമതും വിവാഹം കഴിച്ചത്. ആദ്യ ഭാര്യ ഖുഷ്ബു തന്നെയും അമ്മയെയും കൊല്ലാന്‍ ശ്രമിച്ചുവെന്നും ഇക്കാര്യം ഗ്രാമത്തിലെ ആളുകള്‍ക്ക് അറിയാമെന്നും പിന്റു ആരോപിച്ചു.
എഫ്ഐആറിലെ ബലാത്സംഗ ആരോപണങ്ങള്‍ പച്ചക്കള്ളമാണ്. ആദ്യ ഭാര്യയുമായി 10 വര്‍ഷത്തെ പ്രായവ്യത്യാസമുണ്ട്. ശാരീരിക ബന്ധമുണ്ടായിട്ടില്ലെന്നും പിന്റു പറഞ്ഞു.
എന്നാല്‍ ആദ്യ ഭാര്യ ഭര്‍ത്താവിന്റെ ആരോപണങ്ങള്‍ തള്ളി. 2022 ഡിസംബര്‍ രണ്ടിനാണ് പിന്റുവുമായുള്ള വിവാഹം നടന്നത്. അദ്ദേഹത്തിന്റെ ആവശ്യ പ്രകാരം കുടുംബം സ്ത്രീധനമായി മൂന്നു ലക്ഷം രൂപയും ആഭരണങ്ങളും വീട്ടുപകരണങ്ങളും നല്‍കി. വിവാഹത്തിന് ശേഷം ശാരീരികമായും മാനസികമായും പീഡിപ്പിച്ച് വീട്ടില്‍ നിന്ന് പുറത്താക്കി. വിവാഹമോചനം നേടാതെ തന്നെ മറ്റ് രണ്ട് സ്ത്രീകളെ വിവാഹം കഴിച്ചു.രണ്ടാമത്തെ ഭാര്യയ്ക്ക് 10 മാസം പ്രായമുള്ള ഒരു കുഞ്ഞും മൂന്നാമത്തെ ഭാര്യയ്ക്ക് ഒരു മാസം പ്രായമുള്ള കുഞ്ഞുമുണ്ടെന്നും യുവതി പറഞ്ഞു.
പിന്റു തന്നെ അറിയിക്കാതെ മറ്റൊരു സ്ത്രീയെ വിവാഹം ചെയ്ത് തന്നെ വഞ്ചിച്ചുവെന്ന് രണ്ടാം ഭാര്യ ഗുഡിയ കുമാരി പറഞ്ഞു. പിന്റുവും കുടുംബവും വിവാഹബന്ധങ്ങളെ പണത്തിനായി ചൂഷണം ചെയ്യുന്നുവെന്നും കര്‍ശനമായ ശിക്ഷ നല്‍കണമെന്നും കൂട്ടിച്ചേര്‍ത്തു.







