ബെംഗ്ലൂര്‍: അര്‍ബുദം സ്ഥിരീകരിച്ചപ്പോള്‍ കടന്നുപോയ നാളുകളെക്കുറിച്ച് തുറന്നുപറഞ്ഞ് കന്നഡ നടന്‍ ശിവരാജ്കുമാര്‍. 45 എന്ന ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി ഒരു തമിഴ് മാധ്യമത്തോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. യഥാര്‍ത്ഥ സ്‌നേഹം അനുഭവിച്ച ദിവസങ്ങളായിരുന്നു കടന്നുപോയതെന്നും രോഗാവസ്ഥയില്‍ കുടുംബവും ആരാധകരും പിന്തുണച്ചുവെന്നും ശിവരാജ്കുമാര്‍ പറഞ്ഞു.
ആരാധകരില്‍ പലരും തന്റെ നേര്‍ക്ക് സങ്കടം അടക്കിപ്പിടിച്ച് നോക്കുകയായിരുന്നു. പക്ഷേ അവരുടെ കണ്ണുകളില്‍ എന്തായിരുന്നെന്ന് മനസിലാവും. ആരാധകരുടെ ശിവണ്ണാ എന്നുള്ള വിളിയും പോസിറ്റീവ് സമീപനവും പണത്തിന് വേണ്ടിയായിരുന്നില്ല. എല്ലാം സ്‌നേഹത്തിനുവേണ്ടി മാത്രമായിരുന്നു. ഇതിലുപരി ജീവിതത്തില്‍ എന്താണ് വേണ്ടതെന്നും ശിവരാജ് ചോദിച്ചു.
പലപ്പോഴും മരണം തൊട്ടടുത്ത് നില്‍ക്കുന്നതുപോലെ തോന്നി. മേക്കപ്പ് മിററില്‍ നോക്കുമ്പോള്‍ ഇത് അവസാനമായിരിക്കുമോ എന്ന തോന്നലുണ്ടായിരുന്നു. എനിക്കെന്നെ ഏല്പിച്ച ജോലി പൂര്‍ത്തിയാക്കണമായിരുന്നു. പാതിവഴിയില്‍ നിര്‍ത്തിപ്പോയി എന്ന് ആര്‍ക്കും തോന്നാന്‍ ഇടവരരുത്. അതുകൊണ്ട് ജോലിയെല്ലാം തീര്‍ത്തശേഷമാണ് ചികിത്സയ്ക്ക് പോയത്. ഷൂട്ടിങ് കഴിഞ്ഞ് ചികിത്സയ്ക്ക് പോകുമ്പോള്‍ ചുറ്റുമുള്ളവര്‍ കരയുന്നത് കണ്ടു. യഥാര്‍ത്ഥ സ്‌നേഹം ഞാനവിടെ കണ്ടു. ദൈവം സഹായിച്ച് കീമോ ചെയ്തതിനുശേഷം മുടി കൊഴിഞ്ഞില്ല.
കഴിഞ്ഞവര്‍ഷമാണ് ശിവരാജ്കുമാറിന് മൂത്രാശയത്തില്‍ അര്‍ബുദം സ്ഥിരീകരിച്ചത്. 2024 ഡിസംബര്‍ 24-ന് യുഎസിലെ മിയാമി കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായി. ഈ വര്‍ഷം ജനുവരി ഒന്നിന് താന്‍ രോഗമുക്തനായ കാര്യം അദ്ദേഹം ആരാധകരെ അറിയിച്ചു.







