മുംബൈ: സെല്‍ഫി എടുക്കുന്നതിനിടെ മോശമായി പെരുമാറിയ ആരാധകനെ സംയമനത്തോടെ കൈകാര്യം ചെയ്ത് ക്രിക്കറ്റ് താരം ഹാര്‍ദിക് പാണ്ഡ്യ. ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്. ക്രിസ്മസ് ദിനത്തില്‍ കാമുകിയായ മഹിക ശര്‍മയ്‌ക്കൊപ്പം ഒരു റസ്റ്റോറന്റില്‍ ഭക്ഷണം കഴിക്കാനെത്തിയ പാണ്ഡ്യയെ ആരാധകര്‍ വളയുകയായിരുന്നു. റസ്റ്റോറന്റിനു പുറത്തിറങ്ങിയ പാണ്ഡ്യ കാമുകിയെ കാറില്‍ കയറ്റിയ ശേഷമാണ് ആരാധകര്‍ക്കൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്തത്. ആരാധകരില്‍ ചിലര്‍ പാണ്ഡ്യയുടെ തോളില്‍ കയ്യിട്ട് ഫോട്ടോയെടുക്കാനും ശ്രമിച്ചു.
‘നിങ്ങള്‍ ആവശ്യത്തിനു ഫോട്ടോയെടുത്തു കഴിഞ്ഞു. ഇനിയും എത്രയാണ് വേണ്ടത്?’ എന്ന് പാണ്ഡ്യ ചോദിക്കുന്നുണ്ട്. അതിനിടെ ഒരാള്‍ പാണ്ഡ്യയോട് ‘നരകത്തിലേക്കു പോ’ എന്ന് പറയുകയായിരുന്നു. എന്നാല്‍ പാണ്ഡ്യ വളരെ മാന്യമായാണ് ആരാധകനോട് സംസാരിച്ചത്.
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ട്വന്റി20 പരമ്പരയിലാണ് ഹാര്‍ദിക് പാണ്ഡ്യ ഒടുവില്‍ കളിച്ചത്. പരമ്പരയിലെ അഞ്ചാം മത്സരത്തില്‍ 16 പന്തുകളില്‍നിന്ന് 50 പിന്നിട്ട പാണ്ഡ്യ, ട്വന്റി20 ക്രിക്കറ്റില്‍ ഇന്ത്യന്‍ താരത്തിന്റെ വേഗമേറിയ രണ്ടാമത്തെ അര്‍ധ സെഞ്ച്വറി എന്ന റെക്കോര്‍ഡിലെത്തിയിരുന്നു. അഞ്ചാം മത്സരത്തില്‍ 25 പന്തുകള്‍ നേരിട്ട പാണ്ഡ്യ 63 റണ്‍സാണ് അടിച്ചെടുത്തത്.







