കാഞ്ഞങ്ങാട് നിയമസഭാ മണ്ഡലം ഇക്കുറി സിപിഎം ഏറ്റെടുക്കുമോ?; ഇ. ചന്ദ്രശേഖരന്‍ എംഎല്‍എയുടെ പിന്‍ഗാമി ആര്? ചര്‍ച്ചകള്‍ സജീവം

കാസര്‍കോട്: കാസര്‍കോട് ജില്ലയിലെ അഞ്ചു നിയമസഭാ മണ്ഡലങ്ങളില്‍ ഇടതുമുന്നണിയും സിപിഎമ്മും നൂറു ശതമാനം വിജയ പ്രതീക്ഷ പുലര്‍ത്തുന്ന മണ്ഡലമാണ് കാഞ്ഞങ്ങാട്. പഴയ ഹൊസ്ദുര്‍ഗ് മണ്ഡലം പേര് മാറി കാഞ്ഞങ്ങാടായതിനു ശേഷം ഇടതു മുന്നണി സ്ഥാനാര്‍ത്ഥിയായി തുടര്‍ച്ചയായി മൂന്നു തവണ തെരഞ്ഞെടുക്കപ്പെട്ടത് ജില്ലയിലെ സിപിഐ പ്രസ്ഥാനത്തിന്റെ അമരക്കാരനായ പെരുമ്പള ഗ്രാമത്തിലെ ചുവന്ന മണ്ണില്‍ നിന്നു ഉയര്‍ന്നു വന്ന് സംസ്ഥാന റവന്യു മന്ത്രി വരെയായ ഇ. ചന്ദ്രശേഖരനാണ്. അതിനു മുമ്പ് ഹൊസ്ദുര്‍ഗ് മണ്ഡലമായിരുന്നപ്പോഴും സിപിഐ സ്ഥാനാര്‍ത്ഥികളാണ് ഈ മണ്ഡലത്തില്‍ സ്ഥിരമായി മത്സരിച്ചിരുന്നത്.
ആദ്യവട്ടം പ്രതിപക്ഷത്തും രണ്ടാംവട്ടം മന്ത്രി കസേരയിലും ഇരുന്ന ഇ. ചന്ദ്രശേഖരന്‍ പ്രത്യേക പരിഗണനയിലൂടെയാണ് മൂന്നാമതും നിയമസഭയില്‍ എത്തിയത്. മാസങ്ങള്‍ക്കകം നടക്കാനിരിക്കുന്ന അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിലും ഇടതു മുന്നണി വിജയ പ്രതീക്ഷയില്‍ കുറഞ്ഞതൊന്നും കാഞ്ഞങ്ങാട്ടെ ചുവന്ന മണ്ണില്‍ നിന്നു പ്രതീക്ഷിക്കുന്നില്ല.
എന്നാല്‍ ഇത്തവണ കാഞ്ഞങ്ങാട് മണ്ഡലം സിപിഎം ഏറ്റെടുക്കുമെന്ന ചര്‍ച്ച പ്രവര്‍ത്തകര്‍ക്കിടയിലും പൊതു സമൂഹത്തിലും സജീവമാണ്. എന്നാല്‍ അത്തരത്തിലുള്ള പ്രചാരണങ്ങളിലൊന്നിനും അടിസ്ഥാനമില്ലെന്ന സൂചനകളാണ് സിപിഐ വൃത്തങ്ങള്‍ നല്‍കുന്നത്. ഇത്തവണയും കാഞ്ഞങ്ങാട് നിയമസഭാ മണ്ഡലത്തില്‍ നിന്നും സിപിഐ സ്ഥാനാര്‍ത്ഥി തന്നെ ജനവിധി തേടുമെന്നാണ് പാര്‍ട്ടി കേന്ദ്രങ്ങള്‍ സൂചിപ്പിക്കുന്നത്. സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗം ഗോവിന്ദന്‍ പള്ളിക്കാപ്പില്‍ ആയിരിക്കും സിപിഐയുടെ സ്ഥാനാര്‍ത്ഥിയാവുകയെന്നും സൂചനയുണ്ട്.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കു നടന്ന തെരഞ്ഞെടുപ്പില്‍ യുഡിഎഫ് മേല്‍ക്കോയ്മ ഉണ്ടാക്കിയ സാഹചര്യത്തില്‍ ഘടകകക്ഷികളെ പിന്നോട്ട് അടുപ്പിക്കുന്ന നിലപാടുകളൊന്നും സിപിഎം നേതൃത്വത്തില്‍ നിന്നു ഉണ്ടാകില്ലെന്നും കണക്കുകൂട്ടലുകളുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page