ന്യൂഡല്‍ഹി: 2017-ലെ ഉന്നാവ് ബലാത്സംഗക്കേസിലെ പ്രതിയായ ബിജെപി നേതാവിന്റെ ശിക്ഷ മരവിപ്പിച്ച ഹൈക്കോടതി വിധിക്കെതിരെ അതിജീവിത സുപ്രീംകോടതിയില്‍ പരാതിപ്പെട്ടു. കേസിലെ പ്രതിയായ ബിജെപി മുന്‍ എംഎല്‍എ കുല്‍ദീപ് സിങ് സെന്‍ഗറിന്റെ ജീവപര്യന്തം ശിക്ഷ കഴിഞ്ഞ ദിവസമാണ് ഡല്‍ഹി ഹൈക്കോടതി മരവിപ്പിച്ചത്. വിചാരണക്കോടതി വിധിക്കെതിരെ കുല്‍ദീപ് നല്‍കിയ അപ്പീലില്‍ തീരുമാനമാകുന്നതുവരെ ഇയാള്‍ക്ക് കോടതി ജാമ്യം നല്‍കുകയും ചെയ്തു.
ഡല്‍ഹി ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് കേസ് അന്വേഷിച്ച സിബിഐ യും വ്യക്തമാക്കിയിരുന്നു. കോടതി ഉത്തരവ് ലഭിച്ച ഉടന്‍ സുപ്രീംകോടതിയില്‍ പ്രത്യേക ഹര്‍ജി നല്‍കുമെന്ന് സിബിഐ വക്താവ് അറിയിച്ചു. ഈ കേസില്‍ സിബിഐ സമയബന്ധിതമായി മറുപടികളും രേഖാമൂലമുള്ള വാദങ്ങളും സമര്‍പ്പിച്ചിരുന്നുവെന്നും വക്താവ് പ്രസ്താവനയില്‍ വ്യക്തമാക്കി.
ബലാത്സംഗക്കേസില്‍ ബിജെപി നേതാവിന്റെ ശിക്ഷ മരവിപ്പിച്ച ഡല്‍ഹി ഹൈക്കോടതി വിധിക്കെതിരെ അതിജീവിത ഇന്ത്യ ഗേറ്റിനു സമീപം പ്രതിഷേധിച്ചിരുന്നു. പ്രതിഷേധം തുടങ്ങി മിനിറ്റുകള്‍ക്കകം അതിജീവിതയെയും അവരുടെ അമ്മയെയും ഡല്‍ഹി പൊലീസ് വലിച്ചിഴച്ച് മാറ്റുകയും ചെയ്തു. അതിജീവിതക്ക് നേരെയുണ്ടായ പൊലീസ് നടപടിയെ രാഹുല്‍ഗാന്ധി രൂക്ഷമായി വിമര്‍ശിച്ചു.
അതിനിടെ, സുപ്രീംകോടതിയില്‍ നിയമപോരാട്ടം നടത്തുന്നതില്‍ പെണ്‍കുട്ടി രാഹുല്‍ ഗാന്ധിയെയും സോണിയാഗാന്ധിയെയും കണ്ട് സഹായം തേടിയിരുന്നു. മുതിര്‍ന്ന അഭിഭാഷകന്റെ സഹായവും അവര്‍ അഭ്യര്‍ത്ഥിച്ചിച്ചിട്ടുണ്ട്. അതിജീവിതയുടെ ആവശ്യം അംഗീകരിക്കുമെന്ന് രാഹുല്‍ ഗാന്ധി ഉറപ്പു നല്‍കി. എന്നാല്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഒരു സഹായവും ലഭിച്ചില്ലെന്ന് അവര്‍ മാധ്യമങ്ങളോട് പറഞ്ഞു. ജീവന് ഭീഷണി നേരിടുന്നതിനാല്‍ കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനത്തേക്ക് പെണ്‍കുട്ടിയും കുടുംബവും താമസം മാറാന്‍ ശ്രമിക്കുന്നതായും റിപ്പോര്‍ട്ടുണ്ട്.
സെന്‍ഗാറിന്റെ ജയില്‍ ശിക്ഷ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാനുള്ള ഹൈക്കോടതി തീരുമാനം തന്റെ കുടുംബത്തിന് മരണം ആണെന്ന് അതിജീവിത പറഞ്ഞു. ‘ഇതുപോലുള്ള ഒരു കേസില്‍ കുറ്റവാളിക്ക് ജാമ്യം ലഭിച്ചാല്‍, രാജ്യത്തെ പെണ്‍മക്കള്‍ എങ്ങനെ സുരക്ഷിതരായിരിക്കും? ഞങ്ങളെ സംബന്ധിച്ചിടത്തോളം ഈ തീരുമാനം മരണമാണെന്നും അവര്‍ പറഞ്ഞു.







