ന്യൂഡല്‍ഹി: യു പി യിലെ അലിഗഡ് മുസ്ലീം യൂണിവേഴ്സിറ്റി കാമ്പസില്‍ ഒരു സ്‌കൂള്‍ അധ്യാപകനെ രണ്ടംഗസംഘം വെടിവച്ചു കൊന്നു.
എ ബി കെ ഹൈസ്‌കൂള്‍ കമ്പ്യൂട്ടര്‍ അധ്യാപകനായ ഡാനിഷ് റാവുവിനെയാണ് അക്രമികള്‍ വെടിവച്ചു കൊലപ്പെടുത്തിയത്. വെടിയേറ്റു നിലത്തുവീണ ഡാനിഷ് റാവുവിനെ ഉടന്‍ ജവഹര്‍ലാല്‍ നെഹ്റു മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെട്ടു.
മറ്റു രണ്ട് അധ്യാപകര്‍ക്കൊപ്പം ബുധനാഴ്ച രാത്രി നടക്കാനിറങ്ങിയതായിരുന്നു അദ്ദേഹം. യൂണിവേഴ്സിറ്റി ലൈബ്രറിക്കടുത്തെത്തിയപ്പോള്‍ സ്‌കൂട്ടറിലെത്തിയ രണ്ടംഗസംഘം കൈത്തോക്കു ചൂണ്ടി തടഞ്ഞു നിര്‍ത്തി. നിനക്കെന്നെ ഇതുവരെ മനസ്സിലായിട്ടില്ലെന്നും എന്നാല്‍ ഇപ്പോള്‍ അറിയാന്‍ പോവുകയാണെന്നും പറഞ്ഞ് അതിലൊരാള്‍ വെടിവച്ചു. മൂന്നു തവണ വെടിവച്ചുവെന്നും അതില്‍ രണ്ടെണ്ണം തലക്കായിരുന്നുവെന്നും ഒപ്പമുണ്ടായിരുന്നവര്‍ പറഞ്ഞു. വിവരമറിഞ്ഞു ഉയര്‍ന്ന ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ പൊലീസ് സംഘം സ്ഥലത്തെത്തി. പ്രതികളെ കണ്ടെത്തുന്നതിന് ആറു സ്‌ക്വാഡുകള്‍ രൂപീകരിച്ചു.







