ബംഗ്ലാദേശ്: 17 വര്‍ഷത്തെ വിദേശവാസത്തിന് ശേഷം മുന്‍ പ്രസിഡന്റ് സിയാവുര്‍ റഹ്‌മാന്റെയും മുന്‍ പ്രധാനമന്ത്രി ഖാലിദ സിയയുടെയും മകന്‍ താരിഖ് റഹ്‌മാന്‍ ബംഗ്ലാദേശില്‍ തിരിച്ചെത്തി. റഹ്‌മാനെയും കുടുംബത്തെയും ധാക്ക വിമാനത്താവളത്തില്‍ ആയിരക്കണക്കിന് ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടി അനുയായികള്‍ പ്ലക്കാര്‍ഡുകളും ബാനറുകളുമായി സ്വീകരിച്ചു. റോഡിലൂടെ സഞ്ചരിക്കാന്‍ ബുള്ളറ്റ് പ്രൂഫ് വാഹനം ഏര്‍പ്പെടുത്തിയിരുന്നു. മാസങ്ങളായി മാതാവ് ഖാലിദ സിയ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ കഴിയുകയാണ്. ഇതാണ് അടിയന്തരമായി നാട്ടിലെത്താനുള്ള കാരണമെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ നല്‍കുന്ന സൂചന. താരിഖ് നാട്ടിലെത്തുന്നതു പ്രമാണിച്ച് അതീവ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.
നേരത്തെ, ലണ്ടനിലെ ഹീത്രോ വിമാനത്താവളത്തില്‍ നിന്ന് താരിഖ് റഹ്‌മാന്‍ ഭാര്യ സുബൈദ റഹ്‌മാനും മകള്‍ സൈമ റഹ്‌മാനുമൊപ്പം ധാക്കയിലേക്ക് പുറപ്പെടുന്നതിന്റെ ചിത്രങ്ങള്‍ മകള്‍ പങ്കുവച്ചത് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. വളര്‍ത്തുപൂച്ച സീബുവും ഇവര്‍ക്കൊപ്പമുണ്ട്.
‘എന്റെ മാതൃരാജ്യമായ ബംഗ്ലാദേശിലേക്കുള്ള യാത്രയിലാണ്!’ വിമാനത്തിനുള്ളില്‍ നിന്ന് അച്ഛനും അമ്മയ്ക്കുമൊപ്പമുള്ള പുഞ്ചിരിക്കുന്ന ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട് സൈമ റഹ്‌മാന്‍ തന്റെ ഫേസ്ബുക്ക് പേജില്‍ കുറിച്ചു.
2008 മുതല്‍ ലണ്ടനില്‍ താമസിക്കുകയാണ് റഹ്‌മാന്‍. കള്ളപ്പണം വെളുപ്പിക്കല്‍, മുന്‍ പ്രധാനമന്ത്രി ശെയ്ഖ് ഹസീനയെ വധിക്കാന്‍ ഗൂഢാലോചന നടത്തി തുടങ്ങി നിരവധി ക്രിമിനല്‍ കുറ്റങ്ങളാണ് റഹ്‌മാന് മേല്‍ ചുമത്തിയിരുന്നത്. എന്നാല്‍ ഹസീനയെ പുറത്താക്കിയതോടെ അദ്ദേഹത്തെ കുറ്റവിമുക്തനാക്കി.
ഫെബ്രുവരി 12 ന് നടക്കാനിരിക്കുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ മികച്ച ഭൂരിപക്ഷത്തോടെ വിജയിക്കുമെന്നാണ് ബിഎന്‍പിയുടെയുടെ പ്രതീക്ഷ. അറുപതുകാരനായ താരിഖ് സിയ എന്ന റഹ്‌മാന്‍ തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്ന സൂചനയും പുറത്തുവരുന്നുണ്ട്. ബിഎന്‍പിയുടെ ആക്ടിംഗ് ചെയര്‍മാനാണ് താരിഖ്.







