ന്യൂഡല്‍ഹി: കേരളത്തില്‍ നിന്നുള്ള പുതിയ വിമാനക്കമ്പനിയായ അല്‍ഹിന്ദ് എയറിന് കേന്ദ്ര വ്യോമയാന മന്ത്രാലയം എന്‍ഒസി നല്‍കി. അല്‍ഹിന്ദിന് പുറമേ ‘ഫ്‌ളൈ എക്‌സ്പ്രസ്’ എന്ന പുതിയ കമ്പനിക്കും ഈ ആഴ്ച എന്‍ഒസി നല്‍കിയിട്ടുണ്ടെന്ന് കേന്ദ്ര വ്യോമയാനമന്ത്രി കെ.റാം മോഹന്‍ നായിഡു അറിയിച്ചു. ഈ വിമാന കമ്പനികള്‍ താമസിയാതെ സര്‍വീസ് ആരംഭിച്ചേക്കുമെന്ന് കരുതുന്നു.
വ്യോമ ഗതാഗത പങ്കാളിത്തം വര്‍ദ്ധിപ്പിക്കുന്നതിനുള്ള സര്‍ക്കാരിന്റെ വിശാലമായ നീക്കത്തിന്റെ ഭാഗമാണ് പുതിയ കമ്പനികളുടെ അംഗീകാരം. മുന്‍പ് എന്‍ഒസി ലഭിച്ച ഉത്തര്‍പ്രദേശ് കേന്ദ്രമായ ‘ശംഖ് എയര്‍’ അടുത്ത വര്‍ഷം പ്രവര്‍ത്തനം ആരംഭിച്ചേക്കും.
അല്‍ഹിന്ദിന്റെ പ്രതിനിധികളുമായി വ്യോമയാനമന്ത്രി കൂടിക്കാഴ്ച നടത്തി. ട്രാവല്‍, ടൂറിസം രംഗത്തെ പ്രമുഖരായ അല്‍ഹിന്ദ് ഗ്രൂപ്പിന്റേതാണ് വിമാനക്കമ്പനി. കൊച്ചി ഹബ് ആയി ആദ്യഘട്ടത്തില്‍ എടിആര്‍ വിമാനങ്ങളുപയോഗിച്ച് ആഭ്യന്തര സര്‍വീസുകള്‍ ആരംഭിക്കാനാണ് അല്‍ഹിന്ദ് എയറിന്റെ പദ്ധതി. 3 എടിആര്‍ വിമാനങ്ങള്‍ ആണ് ആദ്യഘട്ടത്തില്‍ ഉപയോഗിക്കുക. കൂടുതല്‍ വിമാനങ്ങളെത്തുന്നതോടെ വിദേശ സര്‍വീസുകള്‍ ആരംഭിക്കാനും ഗ്രൂപ്പിന് പദ്ധതിയുണ്ട്.
കൂടുതല്‍ വിമാനക്കമ്പനികള്‍ രാജ്യത്തുണ്ടാകുന്നത് നല്ലതാണെന്ന് ഇന്‍ഡിഗോ വിമാന പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ വ്യോമയാനമന്ത്രി പറഞ്ഞിരുന്നു. അടുത്തിടെ കടബാധ്യതയും പ്രവര്‍ത്തന വെല്ലുവിളികളും കാരണം ജെറ്റ് എയര്‍വേയ്സ്, ഗോ ഫസ്റ്റ് തുടങ്ങിയ വിമാനക്കമ്പനികള്‍ പ്രവര്‍ത്തനം നിര്‍ത്തിവച്ചിരുന്നു. നിലവില്‍ ചെറുതും വലുതുമായ ഒമ്പത് ആഭ്യന്തരവിമാനക്കമ്പനികളാണ് രാജ്യത്തുള്ളത്. ഇന്‍ഡിഗോ, എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ എക്‌സ്പ്രസ്, സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള അലയന്‍സ് എയര്‍, ആകാശ എയര്‍, സ്‌പൈസ് ജെറ്റ്, സ്റ്റാര്‍ എയര്‍, ഫ്‌ളൈ 91, ഇന്ത്യവണ്‍ എയര്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. വിപണിയുടെ 90 ശതമാനവും ഇന്‍ഡിഗോയുടെയും എയര്‍ ഇന്ത്യ ഗ്രൂപ്പിന്റെയും കൈവശമാണ്. ഇന്‍ഡിഗോയ്ക്ക് മാത്രം 65 ശതമാനത്തിലധികം വിമാനങ്ങളുണ്ട്.







