മുംബൈ: ബോളിവുഡ് താരം സല്‍മാന്‍ ഖാനൊപ്പം ചെളിയില്‍ മൂടി നില്‍ക്കുന്ന ക്രിക്കറ്റ് താരം മഹേന്ദ്ര സിംഗ് ധോണിയുടേയും ഗായകന്‍ എപി ധില്ലണിന്റേയും ചിത്രം സമൂഹമാധ്യമങ്ങളില്‍ വൈറല്‍. നടനും നിര്‍മ്മാതാവുമായ അതുല്‍ അഗ്‌നിഹോത്രിയാണ് ചിത്രം സമൂഹമാധ്യമങ്ങളില്‍ പങ്കിട്ടത്. സല്‍മാന്റെ 60-ാം ജന്മദിനത്തിന് മുന്നോടിയായി പോസ്റ്റ് ചെയ്ത ചിത്രം സാഹസികമായ പശ്ചാത്തലത്തില്‍ താരങ്ങളെ അവതരിപ്പിച്ചതിലൂടെ ശ്രദ്ധ നേടി. എന്നാല്‍ ഇത് അല്‍പം പഴയ ചിത്രമാണ്. എപ്പോഴത്തേതാണെന്ന് വ്യക്തമല്ലെങ്കിലും ‘ത്രോബാക്ക്’ എന്ന് വ്യക്തമാക്കിയാണ് സല്‍മാന്‍ ഖാന്റെ ഭാര്യാസഹോദരന്‍ കൂടിയായ അതുല്‍ ചിത്രം പുറത്തുവിട്ടത്.
സെലിബ്രിറ്റികളുമായുള്ള നടന്റെ ഓഫ്-സ്‌ക്രീന്‍ സൗഹൃദത്തിന്റെ അപൂര്‍വ കാഴ്ചയാണ് ചിത്രം. സല്‍മാന്റെ ഫാം ഹൗസില്‍ നിന്നുള്ള ചിത്രമാണിത്. മൂവരും സാഹസിക വിനോദത്തില്‍ ഏര്‍പ്പെട്ടതിനു ശേഷമാണ് ഫോട്ടോക്ക് പോസ് ചെയ്തിരിക്കുന്നത്. ഫാം ഹൗസിലൂടെ ഓള്‍-ടെറയിന്‍ വെഹിക്കിളില്‍ സഞ്ചരിച്ച് ചെളി പറ്റിയിരിക്കുന്നതും ചിത്രത്തില്‍ കാണാം. സല്‍മാന്‍ ഖാന്റെ പനവേലിലുള്ള ഫാം ഹൗസ് ഏറെ പ്രസിദ്ധമാണ്. പല പ്രമുഖരും ഇവിടെ എത്താറുണ്ട്.
‘ഇതിഹാസങ്ങളായ സല്‍മാന്‍ ഖാനും മഹേന്ദ്ര സിംഗ് ധോണിയും ഒരു ഫ്രെയിമില്‍,’ എന്നാണ് ചിത്രത്തിന് താഴെയുള്ള ആരാധകന്റെ കമന്റ്.







